കുവൈത്ത് സിറ്റി : അമേരിക്കൻ ആക്രമണം ഉണ്ടായതിന് മണിക്കൂറുകൾക്കകം കുവൈത്തിനെ ഇറാൻ ആക്രമിച്ചതായി സൂചന. കുവൈത്തിലെ പലയിടങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായതായി സൈന്യം അറിയിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. ഫോണുകളിലേക്കും ജാഗ്രതാ നിർദേശം നൽകി. ശത്രുവിൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുവെന്ന് കുവൈത്ത് സൈന്യം അറിയിച്ചു.
ബലിപെരുന്നാൾ ആഘോഷങ്ങൾ തുടരുന്നതിനിടെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വലിയ സ്ഫോടനങ്ങളുടെ ശബ്‌ദം കേട്ടുവെന്ന് കുവൈത്തിലുള്ളവരും പ്രതികരിച്ചിട്ടുണ്ട്. എന്നാലിത് മിസൈൽ വീണതല്ല, വ്യോമപ്രതിരോധം അതിനെ നിർവീര്യമാക്കിയതാണെന്നും ആശങ്ക വേണ്ടെന്നും യഥാർഥ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നും കുവൈത്ത് അധികൃതർ വ്യക്‌തമാക്കി.

