ഒന്നരവയസുകാരൻ്റെ കൊലപാതകം; രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിൻ്റെ മൊഴി. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ടമായി എന്നും പ്രതി പോലീസിനോട് പറഞ്ഞു. കുഞ്ഞിൻറെ തലയ്ക്കു പിന്നിൽ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനത്തിന്റെ മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിൻ്റെ അടയാളങ്ങളുണ്ട്. ജനനേന്ദ്രിയത്തിൽ അടക്കം പരിക്കേറ്റിട്ടുണ്ട്. ദീർഘനാളായി പ്രതി കുഞ്ഞിനെ മർദ്ദിക്കുന്നു എന്ന വിലയിരുത്തലിലാണ് പൊലീസ്.

 

കുഞ്ഞിൻ്റെ കൈകൾ ഒടിഞ്ഞത് പ്രതിയുടെ അക്രമത്തിൽ ആണോ എന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ അമ്മയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

 

കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പിതാവ് അഖിലിന്റെ വീട്ടിൽ നടന്നു. മർദനം മൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

 

ക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് നെടുമങ്ങാട് പൊലീസ് നൽകുന്ന വിവരം. കുഞ്ഞിന്റെ ശരീരത്തിൽ 51ഓളം പരിക്കുകളും പാടുകളുമുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടാനച്ഛനും അമ്മയും കുഞ്ഞിനെ ക്രൂരമായി മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അമ്മ അഖില കുട്ടിയെ നോക്കാറേയില്ലെന്നും രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി ഉപദ്രിവിക്കാറുണ്ടെന്നും ആരോപണങ്ങൾ വന്നിരുന്നു. വെള്ളിയാഴ്ച അഖില നൃത്തപരിപാടിയുമായി തമിഴ്‌നാട്ടിലായിരുന്ന സമയമാണ് സംഭവം. ചോറു കഴിക്കുന്നതിനിടയിൽ ഛർദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്തലിൽ അഷ്‌കർ കുഞ്ഞിനെ മർദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *