മലപ്പുറം : കോഹിനൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ചു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ജഹാന എന്നിവരാണ് മരിച്ചത്. അർദ്ധരാത്രി ശക്തമായ മഴയ്ക്കിടയിലാണ് ഈ ദാരുണ അപകടം സംഭവിച്ചത്. ഇന്നലെ രാത്രി 11.40-ഓടെയാണ് അപകടം കാർ യാത്രക്കാർ കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു. ശക്തമായ മഴയെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്.ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഹിനൂരിലെ ലോറി പാർക്കിംഗ് ഏരിയയ്ക്ക് സമീപം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ലോറികൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും മതിയായ മുന്നറിയിപ്പ് ബോർഡുകളുടെയും സിഗ്നലുകളുടെയും അഭാവവും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്..

