കൊച്ചി: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് പ്രമുഖ ഫിൻടെക് കമ്പനിയായ ഭാരത്‌പേ (BharatPe), യെസ് ബാങ്കുമായി (YES BANK) സഹകരിച്ച് പുതിയ ‘ഭാരത്‌പേ ഫ്ലെക്സ്’ (BharatPe Flex launch) സംവിധാനം അവതരിപ്പിച്ചു. അക്കൗണ്ടിൽ പണമില്ലെങ്കിൽ പോലും ഉപഭോക്താക്കൾക്ക് യു.പി.ഐ (UPI) വഴി തടസ്സമില്ലാതെ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന ‘ക്രെഡിറ്റ്-ഓൺ-യുപിഐ’ (Credit-on-UPI) സേവനമാണിത്.
ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനത്തിന് സമാനമായ ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന തുകയ്ക്ക് ആദ്യത്തെ 45 ദിവസം വരെ യാതൊരുവിധ പലിശയും ഈടാക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കടമായി ഉപയോഗിക്കുന്ന തുക ബില്ലിംഗ് തീയതിക്കുള്ളിൽ മുഴുവനായി തിരിച്ചടയ്ക്കുകയോ, അല്ലെങ്കിൽ 3 മുതൽ 12 മാസം വരെയുള്ള കാലാവധി തിരഞ്ഞടുത്ത് ലളിതമായ തുകകളായി (EMI) അടച്ചുതീർക്കുകയോ ചെയ്യാം.
കടകളിലെ ക്യു.ആർ കോഡ് (QR Code) സ്കാൻ ചെയ്തുള്ള പേയ്‌മെന്റുകൾ, ഓൺലൈൻ ഷോപ്പിംഗ്, മൊബൈൽ റീച്ചാർജ്, കാറ്ററിംഗ്, യാത്രാ ബുക്കിംഗുകൾ, വിവിധ യൂട്ടിലിറ്റി ബില്ലുകൾ എന്നിവയ്‌ക്കെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിലൂടെ പേയ്‌മെന്റുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഭാരത്‌പെയുടെ ഉറപ്പായ റിവാർഡ് പോയിന്റുകളും (Zillion Coins) ലഭിക്കും. ഇവ ഉപയോഗിച്ച് മുൻനിര ബ്രാൻഡുകളുടെ വൗച്ചറുകൾ വാങ്ങാനോ ബില്ലുകൾ അടയ്ക്കാനോ സാധിക്കും.
ഭാരത്‌പേ ഫ്ലെക്സ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലിൽ ഭാരത്‌പേ ആപ്പ് (BharatPe App) തുറന്ന് ‘BharatPe Flex’ ഐക്കണിൽ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 2: ആപ്പിൽ ലഭ്യമാകുന്ന ഡിജിറ്റൽ കെ.വൈ.സി (KYC) പ്രക്രിയ പൂർത്തിയാക്കുക (യെസ് ബാങ്കിന്റെ സിസ്റ്റം വഴി മിനിറ്റുകൾക്കകം അനുമതി ലഭിക്കും).
സ്റ്റെപ്പ് 3: അനുവദിച്ച് കിട്ടുന്ന പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലിമിറ്റ് യു.പി.ഐ സംവിധാനവുമായി ലിങ്ക് ചെയ്യുക.
സ്റ്റെപ്പ് 4: സുരക്ഷയ്ക്കായി പുതിയ യു.പി.ഐ പിൻ (UPI PIN) സെറ്റ് ചെയ്യുക.
സ്റ്റെപ്പ് 5: ഇനി മുതൽ ഏത് യു.പി.ഐ ക്യു.ആർ കോഡുകളിലേക്കും ഭാരത്‌പേ ഫ്ലെക്സ് വഴി പേയ്‌മെന്റുകൾ നടത്താം.

