വിഴിഞ്ഞത്ത് സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ വയനാട് സ്വദേശിയായ യുവാവിനെ കാണാതായി

വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം പാറപ്പുറത്ത് കയറി ഫോട്ടോയെടുക്കുന്നതിനിടെ ശക്തമായ തിരയടിച്ച് കടലില്‍ വീണ യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പള്ളി ആറാട്ടുതറ നന്ദനം വീട്ടില്‍ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ എ.എസ്. ശ്രീജിത്തിനെയാണ് (28) കടലില്‍ കാണാതായത്. നേമം വിദ്യാധിരാജ ഹോമിയോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീജിത്ത് എം.ഡി. ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു.

 

ശ്രീജിത്തിനൊപ്പം തിരയില്‍പ്പെട്ട സുഹൃത്ത് വിജയ് പാറയില്‍ ശക്തമായി പിടിച്ചു കിടന്നതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കള്‍ തിരയടിക്കുമ്പോള്‍ തന്നെ ഓടിമാറിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

 

ശ്രീജിത്തിന്റെ സുഹൃത്തും മെഡിക്കല്‍ റെപ്രസെന്റേറ്റീവുമായ മൊട്ടമൂട് സ്വദേശി രാഹുലിന്റെ വിവാഹം തിങ്കളാഴ്ച രാവിലെയായിരുന്നു. വിവാഹത്തിനുള്ള മാലയും മറ്റ് പൂക്കളും വാങ്ങാന്‍ ശ്രീജിത്തിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഇതനുസരിച്ച് ശ്രീജിത്തും സുഹൃത്തുക്കളും പുലര്‍ച്ചെ കരമനയിലെ പൂക്കടയില്‍ എത്തിയെങ്കിലും, ഹാരങ്ങള്‍ തയ്യാറാകാന്‍ ഒരു മണിക്കൂറോളം സമയമെടുക്കുമെന്ന് കടയുടമ അറിയിച്ചു. ഈ സമയത്തിനിടയിലാണ് ഇവര്‍ കാറുകളില്‍ വിഴിഞ്ഞത്തേക്ക് പോയത്.

 

വിഴിഞ്ഞം ബൊള്ളാര്‍ഡിന് താഴെയുള്ള പാറപ്പുറത്ത് കയറി അഞ്ചംഗ സംഘം ഫോട്ടോയെടുക്കുന്നതിനിടെയാണ് വന്‍ തിരമാല അടിച്ചുകയറിയത്. നിലതെറ്റി ശ്രീജിത്തും വിജയും കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരായ ചിപ്പി തൊഴിലാളികളും സമീപത്തുണ്ടായിരുന്ന കോസ്റ്റല്‍ പോലീസും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ശ്രീജിത്തിനെ കണ്ടെത്താനായില്ല.

 

തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരായ പ്രാദേശിക ചിപ്പി തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചെറുകപ്പലും, വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് എസ്.ഐ. എസ്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബോട്ടും ഉപയോഗിച്ച് കടലില്‍ കനത്ത തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *