സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നത് 40 ശതമാനത്തിൽ താഴെമാത്രം. ഓരോ വർഷവും അടയ്ക്കുന്ന പിഴത്തുക കുറഞ്ഞുവരുന്നു.
റോഡിലെ നിയമലംഘനം കുറയ്ക്കാൻ 2023 ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് എ.ഐ. ക്യാമാറ സംവിധാനം തുടങ്ങിയത്. ഇതുവഴി ഈ വർഷം മേയ് 20-വരെ ആകെ 954.54 കോടി രൂപയാണ് പിഴയിട്ടത്. 2025 ഡിസംബർ 31 വരെ ചുമത്തിയ 824.08 കോടി രൂപ പിഴയിൽ അടച്ചത് 323.32 കോടി രൂപമാത്രം. ഈ വർഷം 19,17,338 കേസുകളിൽനിന്ന് 138.95 കോടി രൂപ പിഴചുമത്തി.
ആദ്യ വർഷത്തിൽ 252.50 കോടി രൂപ പിഴയിടുകയും 119.98 കോടി രൂപ (47 ശതമാനം) ഒടുക്കുകയും ചെയ്തു. 2024-ൽ 334.44 കോടി രൂപയുടെ നിയമലംഘനമുണ്ടായി. 136.32 കോടി രൂപയാണ് (40 ശതമാനം) അടച്ചത്. 2025-ൽ ആകെ 237.13 കോടി രൂപ പിഴയിട്ടതിൽ അടച്ചത് 67.01 കോടി രൂപ (28 ശതമാനം).
പിഴയൊടുക്കാത്തത് എന്തുകൊണ്ട്
◾ വാഹനത്തിന്റെ ഉടമസ്ഥത മാറ്റുമ്പോഴോ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകുമ്പോഴോ ആണ് പിഴ അടയ്ക്കാത്തത് പ്രശ്‌നമാകുക. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം കൂടുമ്പോഴാണ് പുതുക്കൽ. അതുവരെ നിയമതടസ്സമൊന്നുമില്ലാതെ വാഹനം ഉപയോഗിക്കാം.
◾ പിഴത്തുകയിൽ ഇളവുനൽകുന്ന അദാലത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.
◾ പിഴ അടയ്ക്കാതിരുന്നാലും പലിശയോ മറ്റുചാർജുകളോ ഇല്ലാത്തത്.
◾മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ തുടർ നടപടി ഉണ്ടാകുന്നില്ല.
നടപടിക്രമം
നിയമം ലംഘിച്ചതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ട് വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശമയക്കും. ഒരുമാസംവരെ ഓൺലൈൻ വഴി പണം അടയ്ക്കാം. വീഴ്ചവരുത്തിയാൽ വെർച്വൽ കോർട്ടിലേക്ക് മാറും. അവിടെയും ഒരുമാസത്തിനുള്ളിൽ ഓൺലൈനിൽ പണമടയ്ക്കാം. അതിലും വീഴ്ചയുണ്ടായാൽ സാധാരണ കോടതികളിലേക്ക് ഫയൽ മാറും.
ക്യാമറയിൽ പതിയുന്നത്
◾ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതിരിക്കുക, പുറകിൽ ഇരിക്കുന്നയാൾ ഹെൽമറ്റ് ഇടാതിരിക്കുക.
◾ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്യുന്നത്.
◾ കാർയാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാതിരിക്കുക.
◾വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക.

