കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബാരൂയിപൂര്‍ പീഡനക്കേസിലെ പ്രതി പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതി പ്രബോഷ് മണ്ഡലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കൊല്ലപ്പെട്ടതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ബാരൂയിപൂരിലെ സൂര്യപൂരിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊല്‍ക്കത്തിലെ പ്രാന്തപ്രദേശങ്ങളിലൊന്നായ ബാരൂയിപൂരിലെ ഒരു കുളത്തില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ നാലു പ്രതികളില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ടത്. ആനന്ദ സര്‍ദാര്‍, ദിബാകര്‍ സര്‍ദാര്‍, കബീര്‍ മൊല്ലാഹ് എന്നിവരാണ് മറ്റ് പ്രതികള്‍. ആനന്ദയും ദിബാകറും കുറ്റമേറ്റിട്ടുണ്ട്. ഞായറാഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ റെയില്‍വേ ട്രാക്കുകളും പൊലീസ് വാഹനങ്ങളും നശിപ്പിച്ചിരുന്നു.
