തെഹ്റാൻ: ലോകത്തെ പ്രധാന കപ്പൽ ചരക്കുപാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. മേഖലയിൽ യു.എസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ ഹുർമുസ് അടച്ചിടുമെന്ന് ഇറാൻ റെവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അറിയിച്ചു. ഹുർമുസ് അടച്ചതിനു പിന്നാലെ ഇറാനിൽ യു.എസ് വ്യോമാക്രമണം ശക്തമാക്കി. തങ്ങളുടെ നിലപാടുകളിൽനിന്ന് പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഒരിടവേളക്കുശേഷം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായത് ഇന്ധന വില കുതിച്ചുയരാൻ കാരണമാകും. ഹുർമുസിനു പകരം അമേരിക്ക നിർദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അനുവാദമില്ലാതെ ബദൽ പാതയിലൂടെ ഹുർമുസ് കടക്കാൻ ഒരു കപ്പൽ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹുർമുസ് കടലിടുക്ക് അടച്ചതായി ഐ.ആർ.ജി.സി പ്രഖ്യാപിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച് സുമദ്ര സുരക്ഷയെ അപകടത്തിലാക്കിക്കൊണ്ട് നീങ്ങിയ കപ്പൽ ആക്രമിക്കുകയും തടയുകയും ചെയ്തെന്ന് ഐ.ആർ.ജി.സി നാവികസേന അറിയിച്ചു. സൈപ്രസ് പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടാവുകയും കപ്പലിൻ്റെ എൻജിൻ റൂമിന് തീപിടിക്കുകയും ചെയ്തതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കപ്പൽ ആക്രമണത്തിന് പിന്നാലെ തെക്കൻ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ്, ബുഷഹർ, ചബഹർ, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് യു.എസ് ശക്തമായ ബോംബാക്രമണം നടത്തിയത്. ഈ ആഴ്ച ഇറാനുനേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവുപ്രകാരമാണ് പുതിയ ആക്രമണമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ സ്വീകരിക്കുന്നത് തെറ്റായ തെരഞ്ഞെടുപ്പാണെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു. അമേരിക്കൻ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.
