മുൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് വേട്ട; 13 കിലോ സ്വർണവും കോടികളും കണ്ടെടുത്തു

ലഖ്നൗ: ഉത്തർപ്രദേശിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വീട്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. ആഗ്രയിൽ ജോലി ചെയ്തിരുന്ന ലളിത് കുമാർ എന്ന ഉദ്യോഗസ്ഥന്റെ ലഖ്നൗവിലുള്ള വസതിയിൽ നിന്നാണ് 13 കിലോ സ്വർണ്ണവും 1.62 കോടി രൂപയും അന്വേഷണസംഘം പിടിച്ചെടുത്തത്. ഇയാൾ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ദീർഘകാലമായി ലഭിച്ച പരാതികളെ തുടർന്ന് രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു പ്രത്യേക കോടതിയുടെ അനുമതിയോടെയുള്ള ഈ റെയ്ഡ്.

 

സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു ലളിത് കുമാർ വീട്ടിൽ പണവും സ്വർണ്ണവും ഒളിപ്പിച്ചിരുന്നത്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ വിജിലൻസ് സംഘം വീടിന്റെ്റെ ചുവരുകളും ഫോൾസ് സീലിങ്ങും ഫർണിച്ചറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറകളും ലോക്കറുകളും കണ്ടെത്തിയത്. വീട്ടുകാർക്ക് പോലും അറിവില്ലാതിരുന്ന ഈ രഹസ്യ കേന്ദ്രങ്ങളിലൊന്നായ ആധുനിക ഡിജിറ്റൽ ലോക്കറിന്റെ പാസ്‌വേഡ് മറന്നുപോയെന്ന് പറഞ്ഞ് ലളിത് കുമാർ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ഒടുവിൽ സാങ്കേതിക വിദഗ്‌ധരെ എത്തിച്ച് രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത് തുറക്കാനായത്.

 

കണ്ടെത്തിയ പണത്തിന് പുറമെ ലക്നൗ, ആഗ്ര, നോയിഡ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ലളിത് കുമാറിനും കുടുംബത്തിനുമുള്ള ആഡംബര വീടുകളുടെയും വസ്‌തുക്കളുടെയും രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ മ്യൂച്വൽ ഫണ്ടുകളിലും ഫിക്സഡ് ഡെപ്പോസിറ്റുകളിലുമുള്ള നിക്ഷേപങ്ങളുടെയും ബെനാമി സ്വത്തുക്കളുടെയും വിവരങ്ങളും ഇതിലുൾപ്പെടുന്നു. പിടിച്ചെടുത്ത പണത്തിന്റെയും സ്വർണ്ണത്തിന്റെയും കൃത്യമായ മൂല്യം കണക്കാക്കാൻ സാമ്പത്തിക-ഫോറൻസിക് പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നും, അന്വേഷണം പൂർത്തിയാകുന്നതോടെ അഴിമതി നിരോധന നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും 11 വിജിലൻസ് അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *