ഫൈനൽ ടിക്കറ്റിനായി അർജന്റീനയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയും കരുത്തരായ ഇംഗ്ലണ്ടും ഇന്ന് അർദ്ധരാത്രി നേർക്കുനേർ ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് (ജൂലൈ 16 വ്യാഴാഴ്ച പുലർച്ചെ) ഈ സ്വപ്നതുല്യമായ പോരാട്ടം അരങ്ങേറുന്നത്.അറ്റ്ലാന്റയിലെ ആധുനിക സജ്ജീകരണങ്ങളുള്ള മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയം (Mercedes-Benz Stadium) ആണ് ഈ ചരിത്ര യുദ്ധത്തിന് വേദിയാകുന്നത്. സ്പെയിൻ ഇതിനകം തന്നെ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലെ വിജയികൾ ജൂലൈ 19-ന് നടക്കുന്ന ഫൈനലിൽ സ്പെയിനെ നേരിടും.കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് ആണ് അർജന്റീന സെമിയിലെത്തിയത്. എന്നാൽ മത്സരങ്ങൾ ഒന്നും തന്നെ എളുപ്പമായിരുന്നില്ല. ആദ്യ റൗണ്ടിൽ ഏറെക്കുറെ എളുപ്പത്തിൽ ജയിച്ചു കയറിയ അവർ പിന്നീടങ്ങോട്ട് വിയർത്താണ് ജയിച്ചത്.

 

കേപ്പ് വെർദെയ്‌ക്കെതിരായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ , ഈജിപ്തിനോട് പ്രീ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അവർ തിരിച്ചുവരവ് നടത്തിയത്. സ്വിറ്റസർലന്റിനെതിരായ ക്വാർട്ടറിലും ടീം വിയർത്താണ് ജയിച്ചു കയറിയത്.മെസ്സിയെ അമിതമായി ആശ്രയിക്കുന്ന മുന്നേറ്റനിര ടൂർണമെന്റ് പുരോഗമിക്കുന്തോറും ദുര്ബലമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രതിരോധനിര യഥേഷ്ടം ഗോൾ വഴങ്ങുന്നതും ഡി പോളിന്റെ ഫോം മോശമായതും അവരെ അലട്ടുന്നുണ്ട്. നിർണ്ണായക സെമിയിൽ ഡി പോളിന് പകരം സിമിയോണിയെ പരീക്ഷിക്കാൻ മാനേജർ സ്കെലോണി നിർബന്ധിതനായേക്കാം. എന്നാൽ നിർണ്ണായക ഘട്ടങ്ങളിൽ പ്രതിരോധ നിര പോലും ഗോൾ അടിക്കുന്നതും ക്വാർട്ടറിൽ അൽവാരെസ് പുറത്തെടുത്ത മാരക പ്രകടനവും അവർക്ക് ആത്മവിശ്വാസം പകരുന്നു. സൂപ്പർ താരം മെസ്സി നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയും ടീമിനും ആരാധകർക്കും ഉണ്ട്.ഇംഗ്ലണ്ടിന്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. ക്രോയേഷ്യയെ തകർത്ത് അരങ്ങേറിയ അവർ ഘാനയോട് സമനില വഴങ്ങി. തൊട്ടുപിന്നാലെ പനാമയോട് വിയർത്ത് ജയിച്ച അവർ കോംഗോയോട് ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ് ജയിച്ചു കയറിയത്.

 

പിന്നാലെ മെക്സികോയെ തോൽപിച്ച അവർ നോർവെയെ തോല്പിച്ചത് ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ്. ടീമിന്റെ കരുത്ത് അവരുടെ മുന്നേറ്റനിരയാണ്. ആറു ഗോളുകൾ വീതം നേടിയ നായകൻ ഹാരി കയ്യിനും ജൂഡ് ബെല്ലിങ്ഹാമിനും ഏതു പ്രതിരോധത്തെയും തകർക്കാൻ കഴിയും. വിങ്ങുകളിൽ നിന്നും മികച്ച മുന്നേറ്റങ്ങൾ നടത്തുന്ന ഗോർഡനും എതിരാളികൾക്ക് തലവേദനയാകും. കളിയുടെ ആവാസം നിമിഷങ്ങളിൽ തിരിച്ചുവരവുകൾ നടത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയ രണ്ടു ടീമുകളിൽ ആര് ഫൈനലിൽ എത്തും എന്ന് ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *