ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു- എം.പി പ്രിയങ്ക ഗാന്ധി 

കൽപ്പറ്റ:ജില്ല എപ്പോഴൊക്കെ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ചോ അപ്പോഴൊല്ലാം വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയും ദുരന്തമുഖത്ത് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കള്ളാടി മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അനുമോദിക്കുന്നതിനായി പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം പി.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ അപകടത്തില്‍പ്പെട്ടവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണോ, ഏത് മതത്തില്‍പ്പെട്ടവരാണെന്നോ, ലിംഗഭേദമെന്തെന്നോ തരംതിരിച്ച് നോക്കാതെ സഹമനുഷ്യനിലേക്ക് സഹായഹസ്തം നീട്ടുകയാണുണ്ടായത്. ഇതാണ് ഇന്ത്യയുടെ ആത്മാവ്. ഈ ആത്മാവാണ് നാം ജീവനോടെ നിലനിര്‍ത്തേണ്ടതെന്നും എം.പി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ട് വന്ന എല്ലാവരുടെയും ധൈര്യത്തെയും സേവന മനോഭാവത്തെയും അഭിനന്ദിക്കുന്നതായും മരിച്ചവരുടെ ആത്മാക്കള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായും എം.പി അറിയിച്ചു.

രക്ഷാപ്രവര്‍ത്തന- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ വിവിധ സേനാ വിഭാഗങ്ങള്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *