സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട് ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.

 

മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിർദേശം. കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

 

ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *