മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഏജന്റുമാർ ആധാർ വിവരങ്ങളും വിരലടയാളവും കൈക്കലാക്കി ആദിവാസി വനിതകളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി പരാതി. എടവക ഗ്രാമപഞ്ചായത്തിലെ ചേമ്പിലോട് വലിയകുന്ന് ഉന്നതി നിവാസികളായ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരാണ് കബളിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തി രംഗത്തെത്തിയത്.
രണ്ടു വർഷം മുമ്പാണ് തട്ടിപ്പിന്റെ തുടക്കം. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരെന്ന വ്യാജേന രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ഉന്നതിയിലെത്തി ആധാർ വിവരങ്ങളും വിരലടയാളവും ശേഖരിക്കുകയായിരുന്നു. വിരലടയാളം നൽകിയാൽ 4,000 രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം ആളുകളെ സമീപിച്ചത്. തുടർന്ന് മൂവരെയും സ്ഥാപനത്തിൽ എത്തിച്ച് തന്ത്രപരമായി 30,000 രൂപ വീതം വായ്പയായി പിൻവലിപ്പിച്ചു. ഈ തുക മുഴുവൻ വാങ്ങിയെടുത്ത ഏജന്റുമാർ, ഇവർക്ക് 4,000 രൂപ വീതം നൽകി മടക്കി അയക്കുകയായിരുന്നു. ബാക്കി തുക തിരിച്ചടക്കേണ്ടതില്ലെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം, പിന്നീട് രണ്ടാമതും ഇതേ രീതിയിൽ തട്ടിപ്പ് ആവർത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും ഫോൺ സന്ദേശം വന്നപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. സ്ഥാപനത്തിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ഓരോരുത്തരുടെയും പേരിൽ 60,000 രൂപ വീതം വായ്പ നിലവിലുണ്ടെന്ന് വ്യക്തമായത്.
നിർധനരായ തങ്ങൾക്ക് ഈ തുക തിരിച്ചടക്കാൻ യാതൊരു നിർവാഹവുമില്ലെന്നും, തട്ടിപ്പ് നടത്തിയ ഏജന്റുമാരെ ഉടൻ കണ്ടെത്തി പണം തിരിച്ചടപ്പിക്കണമെന്നും അവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഗോത്ര വനിതകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പട്ടികവർഗ വികസന വകുപ്പ് മന്ത്രി, പോലീസ്, സംസ്ഥാന പട്ടികവർഗ കമ്മീഷൻ എന്നിവർക്ക് ഉടൻ പരാതി നൽകും. മുൻപും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ഗോത്രവിഭാഗങ്ങളെ ലക്ഷ്യമിട്ട് വ്യാജ മൈക്രോ ഫിനാൻസ് തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
