വയനാട്ടിൽ കാലവർഷക്കെടുതിയിൽ 15.41 കോടിയുടെ കാർഷിക നാശനഷ്ടം; കൂടുതൽ നാശം മാനന്തവാടിയിൽ

മാനന്തവാടി: ജില്ലയിൽ പെയ്തിറങ്ങിയ കനത്ത മഴയിലും കാറ്റിലും വ്യാപക കാർഷിക നാശനഷ്ടം. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഏഴു വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം വയനാട്ടിൽ 15.41 കോടി രൂപയുടെ കാർഷിക നഷ്ടമാണുണ്ടായിരിക്കുന്നത്. പ്രകൃതിക്ഷോഭത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മാനന്തവാടി ബ്ലോക്കിലാണ്.

 

മാനന്തവാടി ബ്ലോക്കിന് കീഴിൽ മാത്രം 834 കർഷകരുടെ 88.6 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചതിലൂടെ 11.93 കോടി രൂപയുടെ ഭീമമായ നഷ്ടമാണുണ്ടായത്. കൽപ്പറ്റയിൽ 303 കർഷകരുടെ 17.12 ഹെക്ടറിലെ കൃഷി നശിച്ച് 2.48 കോടി രൂപയുടെയും, പനമരം ബ്ലോക്കിൽ 37 കർഷകരുടെ 4.2 ഹെക്ടർ കൃഷി നശിച്ച് 53.95 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.

 

ബത്തേരി ബ്ലോക്കിൽ 40 കർഷകർക്കായി 45.6 ലക്ഷം രൂപയുടെ കൃഷി നാശവും സംഭവിച്ചു. കാലവർഷക്കെടുതിയിൽ വയനാട്ടിൽ ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് വാഴ കർഷകർക്കാണ്. ജില്ലയിലാകെ 92.16 ഹെക്ടറിലെ കുലച്ച വാഴകളും 38.88 ഹെക്ടറിലെ കുലയ്ക്കാത്ത വാഴകളുമാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്.

വാഴകൃഷിക്ക് പുറമെ കിഴങ്ങുവിളകൾ, ഏലം, തെങ്ങ്, കപ്പ, പച്ചക്കറികൾ, പഴവർഗങ്ങൾ, കുരുമുളക് എന്നിവയ്ക്കും വൻതോതിൽ നാശമുണ്ടായിട്ടുണ്ട്. വായ്പയെടുത്തും മറ്റും കൃഷിയിറക്കി കടക്കെണിയിലായ കർഷകർക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് എത്രയും വേഗം അടിയന്തര സഹായവും ആശ്വാസ നടപടികളും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!