ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ പ്രവാഹം:വിപണിയിൽ മായം ചേർത്ത 190 രൂപയുടെ വ്യാജ വെളിച്ചെണ്ണ സജീവം

കോഴിക്കോട്:തേങ്ങയുടെയും വെളിച്ചെണ്ണയുടെയും കൂടിയ വില മാറ്റമില്ലാതെ തുടരുന്നതിനിടെ ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ പ്രവാഹം വ്യാപകം. വിലക്കയറ്റത്തിന്റെ അവസരം മുതലെടുത്ത് വിപണി കീഴടക്കിയ വ്യാജന്മാരെ തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ നടപടികളില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

 

പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയോളം വിലയുള്ളപ്പോൾ ശുദ്ധമായ നാടൻ വെളിച്ചെണ്ണ ലിറ്ററിന് 340 മുതൽ 350 രൂപയ്ക്ക് മാത്രമേ വിൽക്കാൻ സാധിക്കൂ എന്ന് എണ്ണയാട്ടു കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ‘നാടൻ’ എന്ന വ്യാജേന പല ബ്രാൻഡുകളും കടകളിൽ 255 രൂപയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. 190 രൂപ മുതൽ 240 രൂപ വരെ വിലയുള്ള പാക്കറ്റുകളും വിപണിയിൽ സുലഭമാണ്.

 

സർക്കാർ ബ്രാൻഡായ കേരഫെഡിന്റെ ‘കേര’ വെളിച്ചെണ്ണയ്ക്ക് സമാനമായ പേരുകൾ ഉപയോഗിച്ച് അമ്പതിലേറെ വ്യാജ ബ്രാൻഡുകളാണ് നിലവിൽ വിപണിയിലുള്ളത്. അതേസമയം കേരഫെഡിന്റെ യഥാർത്ഥ വെളിച്ചെണ്ണ മിക്ക കടകളിലും ലഭിക്കാനുമില്ല. നിലവാരം കുറഞ്ഞ വെളിച്ചെണ്ണയും മറ്റ് വിലകുറഞ്ഞ എണ്ണകളും കൃത്യമായ അളവിൽ മായം ചേർത്ത് വിപണിയിലെത്തിക്കുന്നതിനാൽ സാധാരണ പരിശോധനകളിൽ വ്യാജനെ തിരിച്ചറിയാൻ കഴിയില്ല.

 

ഇതിനുപുറമേ വെളിച്ചെണ്ണയുടെ യഥാർത്ഥ മണവും രുചിയും ലഭിക്കുന്നതിനായി മാരകമായ എസ്സെൻസുകളും വ്യാപകമായി ചേർക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഓണക്കാലത്ത് പരിശോധന ഊർജ്ജിതമാക്കി വ്യാജന്മാരെ പിടികൂടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!