വയനാട് ചുരം ആറാം വളവിൽ യന്ത്രത്തകരാറിലായ കെ.എസ്.ആർ.ടി.സി ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ ഏഴേകാലോടെ കുടുങ്ങിയ ബസ് മാറ്റിയതോടെ ദീർഘദൂര സർവീസുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെയുള്ളവ കടന്നുപോകാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചുരം കയറാൻ രണ്ടാം വളവ് മുതൽ മുകളിലേക്കും, ഇറങ്ങാൻ ഒൻപതാം വളവിന്റെ താഴേക്കും കിലോമീറ്ററുകളോളം നീളത്തിൽ വലിയ വാഹനനിരയും അതിരൂക്ഷമായ ഗതാഗതക്കുരുക്കും തുടരുകയാണ്.
യാത്രക്കാർ അത്യാവശ്യത്തിനനുസരിച്ച് സമയക്രമീകരണം നടത്തി മാത്രം യാത്ര തിരിക്കുക. അനാവശ്യ പാർക്കിങ്ങും തെറ്റായ ഓവർടേക്കിങ്ങും പൂർണമായി ഒഴിവാക്കി വരിപാലിച്ച് മാത്രം വാഹനമോടിക്കുക. കുരുക്ക് നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും, യാത്രക്കാർ കുടിവെള്ളവും ഭക്ഷണവും കയ്യിൽ കരുതുകയും ചെയ്യുക.
