വാഷിംഗ്ടൺ:അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പും അതിരൂക്ഷ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശപ്പെടുത്താൻ അമേരിക്ക അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്റാൻ അണുവായുധ ശേഷി കൈവരിച്ചാൽ അത് ഇസ്രായേലിന്റെയും മിഡിൽ ഈസ്റ്റിന്റെയും സമ്പൂർണ്ണ നാശത്തിന് കാരണമാകുമെന്നും, അതിനാൽ ലോകസുരക്ഷ മുൻനിർത്തി ഇറാന്റെ ആണവ സ്വപ്നങ്ങൾ തടയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ മേഖലയിലെ യുഎസ് സൈനിക ഇടപെടലുകളെ അദ്ദേഹം ശക്തമായി ന്യായീകരിക്കുകയും ചെയ്തു.
ഇറാന്റെ സൈനിക ശക്തിയും സാമ്പത്തിക അടിത്തറയും പൂർണ്ണമായും തകർന്നടിഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന, വ്യോമസേന, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ അമേരിക്കൻ ആക്രമണങ്ങളിൽ നശിച്ചതായി ചൂണ്ടിക്കാണിച്ച അദ്ദേഹം ഇറാനെ ഒരു പരാജയപ്പെട്ട രാജ്യമായി വിശേഷിപ്പിച്ചു. രാജ്യത്ത് കടുത്ത പണപ്പെരുപ്പവും സാമ്പത്തിക തകർച്ചയുമാണ് നിലനിൽക്കുന്നത്. സൈനികർക്കും ഭരണസംവിധാനങ്ങൾക്കും ശമ്പളം നൽകാൻ പോലും ഇറാന് കഴിയുന്നില്ലെന്നും ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടുവെന്നും ട്രംപ് തുറന്നടിച്ചു.
അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ നാവികസേനയുടെ സഹായത്തോടെയാണ് എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത്. ഇതുമൂലം ലോകവിപണിയിൽ എണ്ണവില വലിയ തോതിൽ കുതിച്ചുയരുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ ശാന്തത താൽക്കാലികം മാത്രമാണെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രതികോപനങ്ങൾ ഉണ്ടായാൽ കടുത്ത സൈനിക തിരിച്ചടി നൽകാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
