ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലാദേശിലെ ചാട്ടോഗ്രാം പ്രവിശ്യയിലുള്ള ഹത്സാരി ഫീൽഡ് ഫയറിങ് റേഞ്ചിൽ സൈനിക പരിശീലനം നടക്കുന്നതിനിടെ വൻ അപകടം. ചൈനീസ് നിർമ്മിതമായ ടൈപ്പ് 59 ടാങ്ക് വെടിയുതിർക്കുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ദാരുണ സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് സൈനികർ തൽക്ഷണം കൊല്ലപ്പെടുകയും ഒരു ഉന്നത ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

 

അപകടത്തിൽ പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനെ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം ധാക്കയിലെ കമ്പൈൻഡ് മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. ടാങ്കിനുള്ളിൽ വെടിമരുന്ന് പ്രയോഗിക്കുന്ന സമയത്താണ് വൻ സ്ഫോടനം നടന്നതെന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അപകടത്തിന്റെ ആഘാതത്തിൽ ടാങ്കിന്റെ ചില ഭാഗങ്ങൾ പൂർണ്ണമായും തകർന്നുപോയിട്ടുണ്ട്.

 

സ്ഫോടനത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനായി ബംഗ്ലാദേശ് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് സേന ഉപയോഗിക്കുന്ന പഴയ മോഡൽ ടൈപ്പ് 59 ടാങ്കുകൾ ആധുനികവത്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. ഇത്തരം യുദ്ധ ടാങ്കുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക തകരാറാണോ സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!