നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി

കൊച്ചി: നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്‍ഗാദേവിയുടെ ഒന്‍പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒന്‍പത് പടികളില്‍ ദേവീദേവന്‍മാരുടെ രൂപങ്ങള്‍ വെയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ഒറ്റ സംഖ്യകളിലാണ് പരമ്പരാഗതമായി പടികള്‍ ഒരുക്കുന്നത്.

സരസ്വതീദേവി, അഷ്ടലക്ഷ്മി, ദശാവതാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, ഗണപതി, സുബ്രഹ്മണ്യന്‍ ശിവ-പാര്‍വതി, ശ്രീകൃഷ്ണനും രാധയും കൂടാതെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട- കര്‍ഷകന്‍, കച്ചവടക്കാരന്‍, പാര്‍ക്ക്, ഗ്രാമീണ ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന ചെറു രൂപങ്ങളും ഉണ്ടാകും. ഓരോ പടികളിലും വ്യത്യസ്ത നിറങ്ങളിലുള്ള തുണികള്‍ വിരിച്ച്, പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചാണ് കൊലു ഒരുക്കിയിരിക്കുന്നത്.

 

ഹിന്ദുവിശ്വാസത്തില്‍ ദേവീആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള പുണ്യകാലമാണ് നവരാത്രി. ഒന്‍പത് രാത്രികളും പത്ത് ദിവസങ്ങളും നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം പരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്നതിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തവണ ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് വിശ്വാസികള്‍ നവരാത്രി ആഘോഷിക്കുന്നത്. ഒക്ടോബര്‍ 20 ചൊവ്വാഴ്ചയാണ് മഹാനവമി/ ആയുധപൂജ. ഒക്ടോബര്‍ 21ന് നടക്കുന്ന വിജയദശമി/ വിദ്യാരംഭം/ പൂജയെടുപ്പ് ചടങ്ങുകളോടെയാണ് ദിവസങ്ങള്‍ നീണ്ട നവരാത്രി ഉത്സവത്തിന് സമാപനം കുറിക്കുക.

 

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

 

കേരളത്തില്‍ കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസം മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനം നടത്തുകയോ ദേവീകീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്.

 

എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം.

 

കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്. ഒന്‍പതു ദിവസങ്ങള്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം. ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്തോത്രം, സൗന്ദര്യ ലഹരി മുതലായവ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

 

ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫലമായി ലഭിക്കുക. ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!