കൊച്ചി:നെടുമ്പാശ്ശേരി അത്താണിയിൽ ഇന്നലെ മിനികൂപ്പർ കാർ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില് മരിച്ച ദേവികയെയും ഗോപികയെയും കാണാൻ നിറകണ്ണുകളോടെയാണ് സഹപാഠികളും അധ്യാപകരും എത്തിയത്.
ഇരുവരും പഠിച്ചിരുന്ന തൃക്കാക്കര കെഎംഎം കോളജിന്റെ മുറ്റത്ത് പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളില്‍ നൂറുകളണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ ഗോപിക ബിസിഎ കോഴ്സിനും വയനാട് സ്വദേശിനിയായ ദേവിക ബിബിഎ കോഴിസിനുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠനം പൂർത്തിയാക്കിയശേഷം ഗോപിക ഡാറ്റാ അനലിസ്റ്റ് കോഴ്സിനും ദേവിക ലോജിസ്റ്റിക് പഠനത്തിനും ചേർന്നു.
പഠനത്തിനും നിത്യ ചെലവുകൾക്കുമുള്ള പണത്തിനായി തൃക്കാക്കരയിലെ ക്രാഫ്റ്റ് സ്ഥാപനമായ സുക്കിയോയിൽ പാർട്ട്ടൈം ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു.രണ്ടു പേരും ഒരേ ഹോസ്റ്റല് മുറിയിലായിരുന്നു താമസം. ഗോപിക കോളജ് യൂണിയന് വൈസ് ചെയർമാനായിരുന്നു.
