നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബത്തേരിയിൽ പോലീസ് പിടിയിൽ

സുൽത്താൻ ബത്തേരി : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വയനാട് പോലീസിന്റെ പിടിയിലായി. മലപ്പുറം കാലടി കൊട്ടാരപ്പാട്ട് സ്വദേശി സജീഷിനെയാണ് (44) സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കോഴിക്കോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ ശേഷം ബസ്സിൽ കർണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വലയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. എന്നാൽ പുറത്തിറങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ചേവായൂർ, എലത്തൂർ, അത്തോളി, ചങ്ങരംകുളം, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം തുടങ്ങിയ വിവിധ സ്റ്റേഷൻ പരിധികളിലായി പതിനഞ്ചോളം മോഷണങ്ങളാണ് ഇയാൾ നടത്തിയത്. ഇതോടെ കോഴിക്കോട്, മലപ്പുറം പോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി ഇയാൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടക്കുകയായിരുന്നു.

 

കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച സജീഷ്, ഈ ബൈക്കുമായി പോയി കുണ്ടായിത്തോട്ടിലെ അമ്പലത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. തുടർന്ന് വാഹനം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി വയനാട് വഴി കർണാടകയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ കൽപ്പറ്റയിൽ വെച്ച് ബസ് യാത്രയ്ക്കിടെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ പ്രതിയെ തിരിച്ചറിയുകയും സംശയം തോന്നി ഉടൻ തന്നെ ബത്തേരി ഡി.വൈ.എസ്.പിക്ക് രഹസ്യവിവരം കൈമാറുകയുമായിരുന്നു.

 

വിവരമറിഞ്ഞയുടൻ പോലീസ് സംഘം ബത്തേരിയിൽ വെച്ച് ബസ് തടഞ്ഞുനിർത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അടുത്ത ദിവസങ്ങളിൽ നടത്തിയ വൻ കവർച്ചകളുടെ ചുരുളഴിയുന്നത്. പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണവും പണവും കോഴിക്കോട് പോലീസിന് കൈമാറി. അന്വേഷണ സംഘത്തിൽ ബത്തേരി ഡി.വൈ.എസ്.പിക്കൊപ്പം എ.എസ്.ഐ സാദിഖ്, സി.പി.ഒമാരായ വിജയൻ, രാജേഷ്, അജേഷ്, ഡ്രൈവർ എ.എസ്.ഐ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!