നമ്പർ പ്ലേറ്റിൽ ചിത്രപ്പണികൾ വേണ്ട, 5000 രൂപ വരെ പിഴ; മുന്നറിയിപ്പുമായി MVD

തിരുവനന്തപുരം : വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ക്രമക്കേടുകൾ കാട്ടിയാൽ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രജിസ്ട്രേഷൻ നമ്പർ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവർക്കിഷ്ടപ്പെട്ട രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുകയും, ചിലർ മറച്ച് വെക്കുകയും, മറ്റു ചിലർ അഴിച്ചു വെക്കുകയും, കാണാതിരിക്കാൻ ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നുവെന്ന് എംവിഡി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.

 

ഇത്തരം പ്രവൃത്തികൾ കൊണ്ട് അപകടങ്ങളിൽ പെട്ട വാഹനങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടാവുകയും, ഹിറ്റ് ആൻഡ് റൺ കേസുകളിൽ ഇരകൾക്ക് കിട്ടേണ്ട ഇൻഷുറൻസ് പരിരക്ഷ കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്നും എംവിഡി ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്ക് രജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3000 രൂപയും, മീഡിയം/ഹെവി വാഹനങ്ങൾക്ക് 5000 രൂപയുമാണ് പിഴ.

 

എംവിഡി ചൂണ്ടിക്കാട്ടുന്ന 14 നിയമലംഘനങ്ങൾ:

 

1. നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുക.

2. നമ്പർ പ്ലേറ്റ് വളച്ച് വെക്കുക.

3. നമ്പർ കാണാത്ത തരത്തിൽ മറച്ചുവെക്കുക.

4. നമ്പർ പ്ലേറ്റിന്റെ ഒരു ഭാഗം മുറിച്ചു കളയുക.

5. കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ തേച്ചു വെക്കുക.

6. ഏതെങ്കിലും ഒരു അക്കത്തിനു മേൽ എന്തെങ്കിലും ഒട്ടിച്ചു വെക്കുക.

7. നമ്പർ പ്ലേറ്റ് തന്നെ വിചാഗിരി വെച്ച് ആവശ്യത്തിന് മടക്കി വെക്കുക.

8. ആവശ്യാനുസരണം റിമോട്ട് വഴി പ്ലേറ്റിനെ കവർ ചെയ്യുക.

9. ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് ഉണ്ടാക്കുക.

10. നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങൾ, എഴുത്തുകൾ ഒട്ടിക്കുക.

11. ടെമ്പററി രജിസ്ട്രേഷൻ നമ്പർ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം ചുവന്ന പ്രതലത്തിൽ വെളുത്തതോ, കറുത്തതോ നിറമുള്ള അക്കത്തിൽ എഴുതുക.

12. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സൈഡിൽ നമ്പർ എഴുതാതിരിക്കുക.

13. ബാറ്ററി ഓപ്പറേറ്റഡ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരത്തിനു പകരം വെളുത്ത അക്ഷരത്തിൽ എഴുതുക.

14. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!