വി.എസ്. അച്യുതാനന്ദന് ഇന്ന് 103-ാം ജന്മവാർഷികം; പോരാട്ടവീര്യത്തിന്റെ ഓർമ്മകളിൽ നിറഞ്ഞ് കേരളം

ആലപ്പുഴ : കേരള രാഷ്ട്രീയത്തിലെ അതികായനും ജനകീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 103-ാം ജന്മവാർഷികം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ പതിറ്റാണ്ടുകളോളം കേരളത്തിന്റെ സാമൂഹിക–രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച ഈ സമുന്നത നേതാവിന്റെ ജന്മദിനം രാഷ്ട്രീയ ഭേദമന്യേ കേരളക്കരയാകെ ആദരവോടെ അനുസ്മരിക്കുകയാണ്.

പോരാട്ടമെന്ന വാക്കിന് മനുഷ്യരൂപം നൽകിയ നേതാവായിരുന്നു വി.എസ് പുന്നപ്ര വയലാറിലെ തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങൾ മുതൽ മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ, പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം, മതികെട്ടാൻ മല സംരക്ഷണം, എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള കണ്ണീരൊപ്പൽ, സൂര്യനെല്ലി സമരം തുടങ്ങി കേരളം കണ്ട എണ്ണമറ്റ ജനകീയ പ്രക്ഷോഭങ്ങളുടെയെല്ലാം മുന്നണിയിൽ വി.എസിന്റെ കരുത്തുറ്റ സാന്നിധ്യമുണ്ടായിരുന്നു. അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ വി.എസിനെ ‘കണ്ണേ കരളേ വി.എസ്സേ’ എന്ന വികാരനിർഭരമായ മുദ്രാവാക്യത്തോടെയാണ് പൊതുസമൂഹം നെഞ്ചിലേറ്റിയത്.

1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ ജനിച്ച വി.എസ്, ബാല്യകാലത്തെ ദാരിദ്ര്യവും മാതാപിതാക്കളുടെ വിയോഗവും കാരണം ഏഴാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച് കയർ ഫാക്ടറി തൊഴിലാളിയായാണ് ജീവിതം തുടങ്ങിയത് തുടർന്ന് സഖാവ് പി. കൃഷ്ണപിള്ളയുടെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവരികയും കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുരംഗത്ത് ചരിത്രം കുറിക്കുകയുമായിരുന്നു. 1980 മുതൽ 1992 വരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായും, 2006-ൽ 82-ാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായും അധികാരമേറ്റ വി.എസ്, ജനവിശ്വാസമാണ് ഏതൊരു രാഷ്ട്രീയ നേതാവിന്റെയും യഥാർത്ഥ ശക്തിയെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!