തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്കിടയിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാനുള്ള ചട്ടങ്ങളിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിൽ (എഫ്‌എസ്‌എസ്‌എഐ) നിന്ന് വ്യക്തത തേടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനം ശ്രമങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങളെ തിരിച്ചറിയാനും സ്‌കൂൾ പരിസരങ്ങളിൽ അവയുടെ വിൽപ്പന നിയന്ത്രിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നെന്നും മന്ത്രി പറഞ്ഞു.
ജങ്ക് ഫുഡുകളെ തിരിച്ചറിയാനും സ്‌കൂൾ പരിസരങ്ങളിൽ ഇവയുടെ വിൽപ്പന നിയന്ത്രിക്കാനും നിരോധിക്കാനും സഹായിക്കുന്ന നിർദ്ദിഷ്‌ട ചട്ടങ്ങൾ, എത്രയും വേഗം അന്തിമമാക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് സംസ്ഥാനം കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്‌തുക്കളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നതിൽ സംസ്ഥാനങ്ങൾക്ക് നിയമപരമായ അവ്യക്തതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇതിനൊരു പരിഹാരം കാണുകയാണ് ആരോഗ്യവകുപ്പിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളെ എച്ച്എഫ്‌എസ്‌എസ് ഉത്‌പന്നങ്ങളായി തരംതിരിക്കാം. എങ്കിലും ഇവയുടെ അളവ് എപ്പോൾ അമിതമാകുന്നുവെന്ന് നിയന്ത്രിക്കാൻ വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഇത്തരം മാനദണ്ഡങ്ങളുടെ അഭാവം സ്‌കൂൾ പരിസര പ്രദേശങ്ങളിൽ വിൽക്കുന്ന ഉത്‌പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനും തടസമുണ്ടാക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിർദേശം
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളെ തിരിച്ചറിയുന്നതിനായി ഓഗസ്‌റ്റ് എഴിന് ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കരട് നിയമാവലി പുറത്തിറക്കിയിരുന്നു. ഖര-ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങളിൽ ഈ പദാർഥങ്ങളിൽ എത്രത്തോളം അടങ്ങിയിരിക്കാം എന്നതിനെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിരുന്നു.
ഇത് പ്രകാരം 100 ഗ്രാം ഖരഭക്ഷണത്തിൽ 4.2 ഗ്രാമിൽ കൂടുതൽ കൊഴുപ്പും 3 ഗ്രാമിൽ കൂടുതൽ പഞ്ചസാരയും 0.625 ഗ്രാമിൽ കൂടുതൽ ഉപ്പും പാടില്ല. 100 മില്ലി ലിറ്റർ ഡ്രിങ്കുകളിൽ 1.5 ഗ്രാമിൽ കൂടുതൽ കൊഴുപ്പും 2 ഗ്രാമിൽ കൂടുതൽ പഞ്ചസാരയും 0.175 ഗ്രാമിൽ കൂടുതൽ ഉപ്പും അടങ്ങിയിട്ടുണ്ടെങ്കിൽ ഇത് അനുവദിച്ചിരിക്കുന്ന പരിധിക്ക് മുകളിലുള്ള അളവായി നിർദേശിച്ചിരിക്കുന്നു. ഇത്തരം ഉത്‌പന്നങ്ങളെ തിരിച്ചറിയുന്നതിനും സ്‌കൂൾ പരിസരങ്ങളിൽ ഇവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിനും വ്യക്തമായ ഒരു അടിത്തറ ലഭിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഈ നിയമാവലി അന്തിമമാക്കി നിയമവ്യവസ്ഥയുടെ ഭാഗമാക്കേണ്ടതുണ്ടെന്നാണ് സംസ്ഥാനം വാദിക്കുന്നത്.
