വയനാട്: ഭാരതീയ വിദ്യാഭവൻ വയനാട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ഗംഭീരമായി ആഘോഷിച്ചു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. ജയശ്രീ അപ്പുക്കുട്ടന്റെ നേതൃത്വത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചു.
വിജയദശമി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സംഗീത-നൃത്ത പരിപാടികളും അരങ്ങേറി. വിദ്യാലയത്തിലെ സംഗീത അധ്യാപകരായ സിംസണും ഹർഷയും കലാപരിപാടികൾക്ക് നേതൃത്വം നൽകി. കുരുന്നുകളുടെയും വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.
ഡോ. ജയശ്രീ അപ്പുക്കുട്ടൻ മുഖ്യാതിഥിയായ ചടങ്ങിൽ സ്കൂൾ ചെയർമാൻ ശ്രീ. കെ. ജി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി താരാകൃഷ്ണൻ, സെക്രട്ടറി അഡ്വ. വിജയകുമാർ, വൈസ് പ്രിൻസിപ്പൽ ശ്രീമതി രമാഭായ്, ഹെഡ്മിസ്ട്രസ് ശ്രീമതി വിധുബാല, നഴ്സറി അഡ്മിനിസ്ട്രേറ്റർ ശ്രീമതി കെസിയ ബേബി, പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. പി. മധു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യംകൊണ്ട് ചടങ്ങ് അനുഗ്രഹീതമായി. അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന കുരുന്നുകൾക്ക് ആശംസകളും അനുഗ്രഹങ്ങളും നേർന്നുകൊണ്ട് വിജയദശമി ആഘോഷം സന്തോഷകരമായ അനുഭവമായി മാറി.
