ബെൻസ് ഓടിച്ചത് ആഗ്രഹം കൊണ്ടാണെന്ന് ജഡ്ജിയുടെ മകനായ 17-കാരൻ

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17-കാരന്റെ മൊഴി പുറത്ത്. ആഗ്രഹം കൊണ്ടാണ് ജഡ്ജിയായ പിതാവിന്റെ കാർ ഓടിക്കാനെടുത്തതെന്നും നൈറ്റ് ഡ്രൈവിന് പോയതാണെന്നുമാണ് 17-കാരന്റെ മൊഴി. നൈറ്റ് ഡ്രൈവ് കഴിഞ്ഞ് വരുമ്പോൾ മഴ കാരണം സ്കൂട്ടർ കാണാനായില്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും 17-കാരൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

 

അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലായിരുന്നു അപകടം. തട്ടുകട നടത്തുന്ന ജയപാലകൃഷ്ണൻ പുലർച്ചെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ കാറോടിച്ച 17-കാരനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ പിതാവിനെതിരേ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത മകൻ പിതാവിന്റെ ഉടമസ്ഥതയിലുള്ള കാറുമായി നിരത്തിലിറങ്ങിയതിനാണ് പിതാവിനെതിരേ കേസെടുക്കുന്നത്

 

അതേസമയം, പിതാവോ വീട്ടുകാരോ അറിയാതെയാണ് രാത്രി ഫ്ളാറ്റിൽനിന്ന് കാറുമായി പുറത്തുപോയതെന്നാണ് 17-കാരൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിടിച്ച് സ്കൂട്ടർ പൂർണമായും തകർന്നനിലയിലാണ്.

മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് ജയബാലകൃഷ്ണന്റെ കുടുംബം. ഇദ്ദേഹത്തെക്കുറിച്ചും ഇദ്ദേഹത്തിന്റെ കടയിലെ ഭക്ഷണത്തെക്കുറിച്ചും നാട്ടുകാർക്കും നല്ല അഭിപ്രായമാണ്. സൗമ്യനായി പെരുമാറുന്ന ജയബാലകൃഷ്ണന്റെ വിയോഗം തീരാനഷ്ടമാണെന്നാണ് നാട്ടുകാരും പറയുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!