ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എ കേസില്‍ അഞ്ചാമനും പിടിയില്‍ 

വയനാട് ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയില്‍. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ. അമൽ(26)നെയാണ് 25/10/2026 ന് കോട്ടയം, മാടപ്പള്ളിയിൽ നിന്ന് തൃക്കൊടിത്താനം പോലീസിന്റെ സഹായത്തോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇയാൾ 2023, 2025 വർഷങ്ങളിൽ മീനങ്ങാടി സ്റ്റേഷനിലെ ലഹരി കേസുകളിൽ ജാമ്യത്തിലിറങ്ങിയയാളാണ്.

26.07.2026 ന് കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ 124.39 ഗ്രാം എം.ഡി.എം.എയുമായി കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35) പിടിയിലായ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്. അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ക്ക് എരുമാട് വെച്ച് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി, കല്ലുവയല്‍, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയില്‍ വച്ച് അമ്പലവയല്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന്, ലഹരി വാങ്ങാന്‍ പണം നല്‍കിയ മേപ്പാടി, റിപ്പണ്‍ 52, പുല്ലാട്ടില്‍ വീട്ടില്‍, എം. ജെയ്സല്‍(26), തോമാട്ടുചാല്‍, നരിക്കുണ്ട്, കല്ലിയത്ത് വീട്ടില്‍, കെ.എസ്. സൂര്യനാരായണന്‍(25) എന്നിവരെ പോലീസ് വലയിലാക്കി.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!