പുല്ലൂരാംപാറ : പള്ളിപ്പടിക്ക് സമീപം ഇരുവഴിഞ്ഞിപുഴയിലെ കുമ്പിടാൻ കയത്തിൽ യുവാവ് മുങ്ങി മരിച്ചു.ചെന്നൈ കുളത്തൂർ സ്വദേശിയായ എൻ.ഐ.ടി വിദ്യാർത്ഥി സോനിഷ് കുമാർ(18) ആണ് മരിച്ചത്.കോഴിക്കോട് എൻ ഐ ടി യിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ വിഭാഗത്തിലെ ഒമ്പത് വിദ്യാർത്ഥികൾ അടങ്ങിയ സംഘം രാവിലെ എട്ടു മണിയോടെയാണ് കുമ്പിടാനിൽ എത്തിയത്.എട്ടരയോടെയാണ് അപകടം.
കൂടെയുളളവർ നാട്ടുകാരെ വിവരം അറിയിച്ച ഉടനെ അരീക്കൽ ബിനു, നരിക്കുഴിൽ ആൻ്റണി, വടക്കേക്കുടിയിൽ ജസ്റ്റിൻ, അബ്ദുറഹ്‌മാൻ മുണ്ടോടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.മുക്കം അഗ്നി രക്ഷാനിലയത്തിൽ നിന്നും സ്കൂബാ ടീമും സ്ഥലത്തെത്തിയിരുന്നു. തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുളള മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകും.
സോഷ്യൽ മീഡിയ റീലുകൾ കണ്ട് ഒഴിവ് ദിനങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.പ്രദേശത്ത് ആഴം ഉള്ളതിനാൽ നാട്ടുകാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് പലരും പുഴയിൽ ഇറങ്ങുന്നത്. പ്രദേശത്ത് പലതവണയായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല എന്നുള്ളതാണ് നാട്ടുകാരുടെ പരാതി
