കോട്ടയം:ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് അമ്മയുടെ സ്വർണം പലതവണയായി കൈക്കലാക്കി. ഒടുവിൽ സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കാറുകളും ബുള്ളറ്റുകളും ഐഫോണുകളും വാങ്ങി ആഡംബര ജീവിതം നയിച്ച മൂന്ന് യുവാക്കൾ പിടിയിൽ!
കോട്ടയം പാമ്പാടിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി 24 പവൻ സ്വർണമാണ് മൂന്ന് പേർ ചേർന്ന് തട്ടിയെടുത്തത്. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി പഠിക്കുന്ന സ്വകാര്യ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് ഇവർ.
ട്യൂഷൻ സെന്ററിലൂടെ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു. നൽകാൻ വിസമ്മതിച്ചതോടെ കുട്ടിയെയും പിതാവിനെയും കള്ളക്കേസിൽ കുടുക്കുമെന്നും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ കുട്ടി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ സ്വർണാഭരണങ്ങൾ പലതവണയായി പ്രതികൾക്ക് കൈമാറി.
സ്വർണം വിറ്റ പണം കൊണ്ട് ആഡംബര ജീവിതം!
തട്ടിയെടുത്ത സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയത്:
🚗 രണ്ട് കാറുകൾ
📱 മൂന്ന് ഐഫോണുകൾ
🏍️ മൂന്ന് ബുള്ളറ്റ് ബൈക്കുകൾ
പണം തീരാൻ തുടങ്ങിയതോടെ വിദ്യാർത്ഥിയുടെ ഇലക്ട്രിക് സൈക്കിൾ വിറ്റ് പണം നൽകാനും പ്രതികൾ നിർബന്ധിച്ചു. എന്നാൽ കുട്ടി അതിന് തയ്യാറായില്ല.അമ്മയുടെ ഫോൺ ഉപയോഗിച്ച് കുട്ടി പ്രതികളുമായി നടത്തിയ ചാറ്റുകൾ സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിയെടുത്ത സ്വർണം എവിടെയാണ് വിറ്റതെന്നും വാഹനങ്ങളും മറ്റ് ആഡംബര വസ്തുക്കളും കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.
