മലപ്പുറം: രോഗിയിൽ നിന്നും അധിക ഫീസ് ഈടാക്കുകയും കുറഞ്ഞ തുകയുടെ ബിൽ നൽകുകയും ചെയ്ത സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രി നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
ആലത്തൂർപ്പടി ചാലാട്ടിൽ കള്ളാടിത്തൊടി ഹൗസിൽ ഷാഹുൽ ഹമീദ് നൽകിയ പരാതിയിലാണ് നടപടി. ഞായറാഴ്ച മകളെ ഡോക്ടറെ കാണിക്കാനെത്തിയപ്പോൾ സാധാരണ ദിവസങ്ങളിലെ 200 രൂപയ്ക്ക് പകരം 350 രൂപ ഫീസ് വാങ്ങുകയും, എന്നാൽ 200 രൂപയുടെ ബിൽ മാത്രം നൽകുകയും ചെയ്തുവെന്നായിരുന്നു പരാതി.
അവധി ദിവസങ്ങളിലെ പ്രത്യേക സേവനത്തിനാണ് 350 രൂപ- ഈടാക്കുന്നതെന്നും, 200 രൂപയുടെ ബിൽ നൽകിയത് പുതിയ ജീവനക്കാരന് സംഭവിച്ച പിഴവാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ പരാതിക്കാരന്റെ വാദം ശരിവെച്ച കമ്മിഷൻ, അധികമായി വാങ്ങിയ 150 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്കായി 5,000 രൂപയും ഉൾപ്പെടെ ആകെ 15,150 രൂപ നൽകാനും ഉത്തരവിട്ടു.
