ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

വ്യാവസായിക മേഖലയിലെ അമിത ഉൽപ്പാദന ശേഷി ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പെടെ പതിനാല് പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ കനത്ത ഇറക്കുമതി തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം തീരുമാനിച്ചു. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് നടത്തിയ എട്ട് മാസം നീണ്ട സെക്ഷൻ 301 അന്വേഷണത്തിന് പിന്നാലെയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ നികുതി നിർദ്ദേശിച്ചിരിക്കുന്നത്.

 

എന്നാൽ അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവെച്ചാൽ ഇന്ത്യയ്ക്ക് മേലുള്ള നികുതി 17 ശതമാനമായി കുറയുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ മുതൽ ഇന്ത്യൻ കയറ്റുമതിക്കാർ നൽകുന്ന 10 ശതമാനം നികുതിക്ക് പുറമെയായിരിക്കില്ല ഈ പുതിയ നിരക്കെന്നും ഉയർന്ന നിരക്ക് മാത്രമായിരിക്കും ഈടാക്കുകയെന്നും അമേരിക്കൻ വ്യാപാര പ്രതിനിധി അറിയിച്ചു.

 

ചൈനയ്‌ക്കെതിരെയാണ് ഏറ്റവും കടുത്ത നടപടി അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ നികുതി ചുമത്താനാണ് നിർദ്ദേശം. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചുമത്തിയ നികുതികൾക്ക് പുറമെയാണ് പുതിയ 20 ശതമാനം അധിക നികുതി കൂടി ചൈനയ്ക്ക് മേൽ വരുന്നത്. വിയറ്റ്നാമിന് 35 ശതമാനവും കംബോഡിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് 25 ശതമാനം വരെയും നികുതി നിർദ്ദേശിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ എന്നിവയ്ക്ക് 20 ശതമാനം വരെയാണ് നികുതി ചുമത്തുക. അതേസമയം മെക്സിക്കോയെയും നോർവേയെയും തൽക്കാലം ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

സർക്കാർ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും നൽകി ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിൽ വിൽക്കുന്നത് അമേരിക്കൻ വ്യവസായങ്ങളെ തകർക്കുന്നുവെന്നാണ് വാഷിംഗ്ടണിന്റെ ആരോപണം. ഉരുക്ക്, അലുമിനിയം, വാഹനങ്ങൾ എന്നിവയ്ക്ക് നേരത്തെ പ്രത്യേക നികുതി ഉള്ളതിനാൽ അവയെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. പുതിയ നികുതി നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും തെളിവെടുപ്പുകളും ഉടൻ ആരംഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത വർഷം ജനുവരിയോടെ മാത്രമേ ഈ പുതുക്കിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുകയുള്ളൂ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!