പൂപ്പൊലി : അന്താരാഷ്ട്ര പുഷ്പമേള നാളെമുതൽ

അമ്പലവയൽ : കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷകക്ഷേമവകുപ്പും സംഘടിപ്പിക്കുന്ന ഒൻപതാമത് ‘പൂപ്പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ തുടങ്ങും.

 

 

ജനുവരി 15 വരെ നടക്കുന്ന പുഷ്‌പോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കാർഷിക സർവകലാശാല മേധാവി ഡോ. സി.കെ. യാമിനി വർമ പറഞ്ഞു.

 

വിദഗ്‌ധർ പങ്കെടുക്കുന്ന ശില്പശാലകൾ, 200 വാണിജ്യസ്റ്റാളുകൾ, വൈവിധ്യ മാർന്ന കലാപരിപാടികൾ തുടങ്ങിയവ പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പി ക്കും. വൈവിധ്യമാർന്ന അലങ്കാരവർണ പുഷ്പങ്ങളുടെ പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം. ഫ്ലോറൽ ക്ലോക്ക്, മലയുടെ രൂപം, മയിൽ, കുതിര തുടങ്ങിയ സൃഷ്ടികളും ഫ്ലോട്ടിങ് ഗാർഡൻ, റോസ് ഗാർഡൻ, മെലസ്റ്റോമ ഗാർഡൻ, കുട്ടികൾക്ക് വിനോദത്തിനായി ചിൽഡ്രൻസ് പാർക്ക്, വിവിധ തരം റൈഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആനുകാലികപ്രസക്തമായ വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ നയിക്കുന്ന ശില്പശാലകളും കർഷക സെമിനാറുകളും കാർഷിക ക്ലിനിക്കുകളും നടക്കും.

 

 

കൂടാതെ, നൂതന സാങ്കേതികവിദ്യകളുടെയും മികച്ചയിനം നടീൽവസ്തുക്കളുടെയും കാർഷികോത്പന്നങ്ങളുടെയും പ്രദർശന-വിപണന മേളയും ഉണ്ടായിരിക്കും. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയുടെ തിരിച്ചുവരവിന് പ്രചോദനമാകുന്ന രീതിയിലാണ് ഈ വർഷത്തെ പൂപ്പൊലി സംഘാടനം.

 

 

 

വിവിധ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പ്രമുഖ കർഷകർ, കർഷകക്കൂട്ടായ്മകൾ എന്നിവരുടെ ഒട്ടേറെ സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വർധിപ്പിച്ച മുതിർന്നവരുടെ ടിക്കറ്റ് നിരക്കിൻ്റെ ഒരുഭാഗം മുണ്ടക്കൈ ദുരിതബാധിതരുടെ അതിജീവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *