കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിന് പുറമെയാണ് പ്രത്യേക കൗണ്ടറുകള്‍.തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ രണ്ടു വരെ തിരുവനന്തപുരം പാളയം നന്ദാവനം എ.ആര്‍ പൊലീസ് ക്യാമ്പിന് എതിര്‍വശത്തുള്ള മുസ്‍ലിം അസോസിയേഷന്‍ ഹാളിൽ കൗണ്ടര്‍ പ്രവര്‍ത്തിക്കും. കൊച്ചിയില്‍ 12ന് രാവിലെ 10 മുതല്‍ മൂന്നുവരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫിസിലെ കൗണ്ടറില്‍ പാസ്‌പോര്‍ട്ടുകള്‍ നൽകാം. 16ന് രാവിലെ പത്തു മുതല്‍ മൂന്ന് വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും 17ന് രാവിലെ പത്തു മുതല്‍ രണ്ട് വരെ കാസർകോട് കലക്ടറേറ്റിലും പാസ്‌പോര്‍ട്ട് സ്വീകരണ കൗണ്ടറുകളുണ്ടാകും.18 വരെയാണ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരമുള്ളത്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും എല്ലാ പ്രവൃത്തി ദിവസവും രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെ പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കും. അസ്സല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് തീര്‍ഥാടകര്‍ വേണ്ട പകര്‍പ്പുകള്‍ എടുത്തുവെക്കണമെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ നിര്‍ദേശിച്ചു.