സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ടോടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. സാക്ഷരത മുതൽ ഹയർസെക്കൻഡറി തുല്യത വരെയുള്ള ക്ലാസുകളിൽ എത്തുന്ന പഠിതാക്കൾക്ക് ദിശാബോധം നൽകുകയാണ് ലക്ഷ്യം.
പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ആയിരക്കണക്കിനാളുകൾക്ക് സാക്ഷരത മിഷന്റെ തുല്യത കോഴ്സുകൾ പ്രയോജനപ്പെടുത്താനാവും. ഹയർസെക്കൻഡറി തുല്യത വിജയത്തിന് ശേഷം ഏതൊക്കെ കോഴ്സുകളിൽ അഡ്മിഷൻ നേടാമെന്ന് പഠിതാക്കൾക്ക് പരിചയപ്പെടുത്തി. ടോടം റിസോഴ്സ് സെന്ററിന്റെ റിസോഴ്സ് പേഴ്സൺമാരായ ടി എ അജയ്കുമാർ, എ എസ് അൽഫ, പി എസ് ലക്ഷമി, ഫാത്തിമ റസാക്ക് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി കെ ശിവരാമൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ, ജില്ലാ സാക്ഷരതാമിഷൻ ജീവനക്കാരായ പി വി ജാഫർ, കെ ഗീത, പ്രേരക്മാരായ എം പുഷ്പലത, പി വി അനിതകുമാരി, എ പി മഞ്ജുഷ എന്നിവർ സംസാരിച്ചു.