ജിഎസ്ടി നിരക്ക് കുറച്ചത് ടയർ വിപണിയിൽ വലിയ ചലനമുണ്ടാക്കും. ടയറിന്റെ വിൽപ്പന ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. മറ്റ് റബ്ബർ ഉത്പന്നങ്ങൾക്കും ജിഎസ്‌ടിയിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ, വിൽപ്പന മെച്ചമാകുകയും നഷ്‌ടത്തിലുള്ള ചെറുകിട സംരംഭങ്ങൾ തിരിച്ചുവരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ജിഎസ്ടി കുറയ്ക്കുന്നതിനു മുൻപുള്ള നിരക്കിൽ മൂന്ന് കാർടയർ വാങ്ങാൻ വേണ്ട പണംകൊണ്ട്, പുതിയ നിരക്കിൽ നാലുടയർ വാങ്ങാമെന്നാണ് ടയർ കമ്പനികൾ പറയുന്നത്. ഒരേസമയം നാല് ടയറും മാറ്റിയിടുന്നത് റോഡ് സുരക്ഷയ്ക്ക് ഗുണകരമാണ്. കൃത്യസമയത്ത് ടയർ മാറ്റിയിടാനുള്ള സാമ്പത്തികഭാരം കുറഞ്ഞെന്ന് കമ്പനികളുടെ കൂട്ടായ്മ ആത്മ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, റബ്ബറിൻ്റെ വിലയിൽ ഈ മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തിൽ ചോദ്യങ്ങൾ ബാക്കിയാണ്. കൂടിയ ആവശ്യം നേരിടാൻ ടയർ ഉത്പാദനം കൂട്ടുമ്പോൾ, തദ്ദേശീയ ചരക്കെടുപ്പ് കൃത്യമായ സമയത്ത് നടക്കുമെങ്കിൽ റബ്ബറിനും വില കൂടും. ഇന്ത്യയുടെ ആഭ്യന്തര റബ്ബർ ഉപഭോഗം 14 ലക്ഷം ടണ്ണാണ്; ഉത്പാദനം 8.5 ലക്ഷം ടണ്ണും. 6-7 ലക്ഷം ടൺ വാർഷിക ഇറക്കുമതിയാണുള്ളത്. കുറവ് നേരിടാൻ ഇറക്കുമതി അനിവാര്യമാണ്. പക്ഷേ, തദ്ദേശീയ ഉത്പാദനംകുറഞ്ഞുനിൽക്കുമ്പോൾപ്പോലും വില കൂടാതിരിക്കാൻ ടയർ കമ്പനികൾ വിപണിയിൽനിന്ന് വിട്ടുനിൽക്കും. ക്രമമായ ചരക്കെടുപ്പ് ഉറപ്പാക്കിയാൽ മാന്യമായ വില ഷീറ്റിന് ഉറപ്പാക്കാം. ചരക്ക് ഉറപ്പാക്കാൻ ഉത്പാദനവും, പിടിച്ചുവെക്കാതെ വിൽപ്പനയും ക്രമമായി നടക്കണമെന്നാണ് ടയർ കമ്പനികൾ പറയുന്നത്.