ന്യൂഡൽഹി : രോഗികളെ കൊള്ളയടിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രികളിലെ നിരക്കുകൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ വ്യവസ്ഥ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ടിലെ 39–ആം വകുപ്പ് ചോദ്യം ചെയ്‌ത് സ്വകാര്യ മെഡിക്കൽ കോളേജ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. വകുപ്പ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. പണം മുൻകൂർ അടയ്‌ക്കാത്തതിന്റെ പേരിൽ ആർക്കും അടിയന്തര ചികിത്സ നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വ്യവസ്ഥ സ്‌റ്റേ ചെയ്യണമെന്ന അസോസിയേഷൻ ആവശ്യം സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചു. പകരം കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് ജസ്‌റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നോട്ടീസയച്ചു. 2026 ഫെബ്രുവരി 3-നുള്ളിൽ മറുപടി നൽകണം. ആശുപത്രികൾക്ക് രജിസ്‌ട്രേഷൻ നടപടി തുടരാനും അനുമതിയുണ്ട്.
വ്യവസ്ഥ നടപ്പാക്കാത്തതിന്റെ പേരിൽ ആശുപത്രികൾക്കെതിരെ സർക്കാർ തൽക്കാലം നടപടി സ്വീകരിക്കരുത്. ഫീസ് ,പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ അവ്യക്തമാണെന്നും നടപ്പാക്കിയത് ഏകപക്ഷീയമായിട്ടാണെന്നുമാണ് അസോസിയേഷൻ വാദം. സ്വകാര്യ ആശുപത്രികളിൽ സഹകരിക്കാൻ തയ്യാറാകാത്തതിനാൽ നിയമം പൂർണ്ണതോതിൽ ഏഴുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടനയ്‌ക്കായി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് ഗുപ്ത വാദിച്ചു. സ്‌റ്റേ ആവശ്യത്തെയും അദ്ദേഹം ശക്തമായി എതിർത്തു. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങളും സർക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയും അസോസിയേഷൻ ചോദ്യം ചെയ്യുന്നുണ്ട്
.

