ഗുജറാത്ത്:ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇതുപ്രകാരം വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചതായി വധൂവരന്മാർ പ്രഖ്യാപിക്കേണ്ടി വരും. മാത്രമല്ല, രജിസ്‌ട്രേഷൻ സമയത്ത് അധികൃതർ വിവരം വധൂവരന്മാരുടെ മാതാപിക്കളെ അറിയിക്കുകയും വേണം. ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹർഷ് സാംഘവിയാണ് പുതിയ നിയമത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ കെണിയിലാവുകയാണെന്നും സർക്കാരിന് വെറുതെ നോക്കിനില്‍ക്കാനാവില്ലെന്നും ഹർഷ് സാംഘവി വ്യക്തമാക്കി.
ഉപമുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവച്ച കരട് നിയമങ്ങള്‍ അനുസരിച്ച്, ഓരോ വിവാഹ രജിസ്ട്രേഷൻ അപേക്ഷയും വധൂവരന്മാർ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന ഒരു പ്രസ്താവനയോടൊപ്പമാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ മുമ്പാകെ സമർപ്പിക്കേണ്ടത്. അപേക്ഷകർ അവരുടെ മാതാപിതാക്കളുടെ പേരുകള്‍, വിലാസങ്ങള്‍, ആധാർ വിശദാംശങ്ങള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും നല്‍കേണ്ടതുണ്ട്.
അസിസ്റ്റന്റ് രജിസ്ട്രാർ അപേക്ഷയില്‍ തൃപ്തനായിക്കഴിഞ്ഞാല്‍, പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇരു കക്ഷികളുടെയും മാതാപിതാക്കളെ അറിയിക്കും. തുടർന്ന് അപേക്ഷ ബന്ധപ്പെട്ട ജില്ലയിലെയോ താലൂക്കിലെയോ രജിസ്ട്രാർക്ക് അയയ്ക്കുകയും എല്ലാ ആവശ്യകതകളും നിറവേറ്റുകയാണെങ്കില്‍ 30 ദിവസത്തിനുശേഷം വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്യും. ഇതിനായി ഒരു സർക്കാർ പോർട്ടലിലേക്കും വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതായി വരും. പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ ഗുജറാത്ത് സർക്കാരിന്റെ പുതിയ നീക്കത്തില്‍ വിമർശനങ്ങള്‍ ഉയരുകയാണ്.



