സുൽത്താൻ ബത്തേരി : ബത്തേരി ശ്രീ മാരിയമ്മൻക്ഷേത്രാങ്കണത്തെയും ബത്തേരി നഗരത്തെയും താലത്തളികയിലാക്കി മാരിയമ്മൻ ക്ഷേത്രോത്സവത്തിന് കൊടിയിറക്കം പതിനായിരങ്ങളെ സാക്ഷി നിർത്തി കണ്ണെത്താദൂരം നീങ്ങിയ താലപ്പൊലിയും താളമേളങ്ങളും മാരിയമ്മയ്ക്കു മുൻപിലെ കാർഷികോൽപന്ന സമർപ്പണവും ഗുരുസിയാട്ടവും കനലാട്ടവുമെല്ലാം ഇനി അടുത്ത കുംഭത്തിലെന്ന പ്രഖ്യാപനത്തോടെയാണ് ഉത്സവത്തിന് സമാപനം കുറിച്ചത്
ഇന്നലെ രാവിലെ മുതൽ തന്നെ മാരിയമ്മൻ സന്നിധിയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകിട്ട് മൂന്നായതോ ടെ തിരക്കു വർധിച്ചു. തുടർന്ന് ടൗണിലെ പാർക്കിങ്ങിനും വൈകിട്ട് അഞ്ചോടെ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വാഹനത്തിരക്കൊഴിഞ്ഞ് നഗരം താലപ്പൊലിക്ക് സജ്ജമായി. തുടർന്ന് വൈകിട്ട് 7ന് ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചു. താലപ്പൊലിയുടെ വരവറിയിച്ച് പഞ്ചവാദ്യമായിരുന്നു മുൻപിൽ.
ഉത്സവക്കൊടികളേന്തി ക്ഷേത്രഭാരവാഹികൾ പിന്നാലെയെത്തി. ദേവ വേഷങ്ങൾ, മേള സംഘങ്ങൾ, കാവടി, അമ്മൻകുടം, കൈകൊട്ടിക്കളി, നൃത്തരൂപങ്ങൾ, ടാബ്ലോ തുടങ്ങി ഘോഷ യാത്രയ്ക്ക് പൊലിമ നൽകി വിവിധ പരിപാടികളെത്തി. പിന്നീടായിരുന്നു നഗരത്തെ ദീപപ്രഭയിൽ മുക്കിയ താലപ്പൊലി, അയ്യായിരത്തിലധികം താലദീപങ്ങൾ നഗരവീഥിയിലെത്തിയപ്പോൾ തിങ്ങിക്കൂടിയ പതിനായിരങ്ങൾക്ക് വലിയ കാഴ്ചയായി. ഒടുവിൽ തിടമ്പേറ്റി ഗജവീരൻമാരുമെത്തിവൈകിട്ട് 7ന് തുടങ്ങിയ താലപ്പൊലി നാലര മണിക്കൂർ പിന്നിടുമ്പോഴാണ് പൂർത്തിയായത്. കരിമരുന്ന് കലാപകടനത്തിനും ക്ഷേത്ര ചടങ്ങുകൾക്കും കലാപരിപാടികൽക്കും ശേഷം കനലാട്ടം ഗുരുസിയാട്ടം എന്നിവയോടെയാണ് ഉത്സവത്തിന് തിരശീല വീണത്.



