സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും.ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് വിവിധ തലങ്ങളിലായി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 പേരും അടക്കം ആകെ 4,18,516 വിദ്യാർഥികളാണ് നാളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. മൂല്യനിർണയത്തിനായി 26,000ത്തോളം അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഏപ്രില്‍ 7ന് ആരംഭിക്കുന്ന മൂല്യനിർണയം ഏപ്രില്‍ 28ന് പൂർത്തിയാകും. മെയ് 8നാണ് എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം. റിസള്‍ട്ട് പ്രസിദ്ധീകരിച്ചുതന്നെ അടുത്ത ദിവസം മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെ പോലെ സമയബന്ധിതമായി പ്ലസ് വണ്‍ അഡ്മിഷൻ നടപടികള്‍ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും നാളെ ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4,37,854 വിദ്യാർഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകള്‍ മറ്റന്നാള്‍ ആരംഭിക്കും. 4,79,263 വിദ്യാർഥികളാണ് രണ്ടാംവർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കായി 1977 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇൻവിജിലേറ്റർമാരായി 29,000ത്തോളം അധ്യാപകരെ നിയോഗിക്കും. 89 ക്യാമ്പുകളിലായി ഏപ്രില്‍ 6 മുതല്‍ മൂല്യനിർണയം ആരംഭിച്ച് മെയ് 22ന് ഫലപ്രഖ്യാപനം നടത്തും. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗള്‍ഫ് മേഖലകളില്‍ നടത്താനിരുന്ന പരീക്ഷകള്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.



