മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു.ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ തയ്യാറാക്കിയത്. മലയാള ഭാഷാ ബില്‍ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
കേരള ഔദ്യോഗിക ഭാഷകള്‍ ആക്‌ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ, സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇവ നടപ്പിലാക്കും.
മലയാള ഭാഷ ബില്ലിനെതിരെ കര്‍ണാടക മുഖ്യമന്ത്രിയടക്കം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍, കര്‍ണാടകത്തിന്‍റെ എതിര്‍പ്പ് കേരളം തള്ളുകയായിരുന്നു. വസ്തുതകള്‍ക്ക് നിരക്കുന്നതല്ല ആക്ഷേപമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് നല്‍കിയ മറുപടി. സ്കൂള്‍ തലം മുതല്‍ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ സിദ്ധരാമയ്യ പിണറായി വിജയന് കത്തും അയച്ചിരുന്നു. ഇതോടെയാണ് ആദ്യം മന്ത്രിമാരും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മറുപടിയുമായി രംഗത്തെത്തിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ബില്ലെന്നും മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് പിണറായി വിജയൻ നല്‍കിയ മറുപടി. ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ സിദ്ധരാമയ്യയുടെ വിമർശനങ്ങളെ ന്യായീകരിച്ചിരുന്നു.
മലയാളം അടിച്ചേല്‍പിക്കരുതെന്നും കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഇതിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ബില്ലിനെ ചൊല്ലി കേരള വിരുദ്ധ പ്രചാരണം കര്‍ണാടകയില്‍ ശക്തമാക്കിയിരുന്നു. യെലഹങ്ക വിഷയത്തില്‍ തുടങ്ങിയ വിദ്വേഷ പ്രചാരണം ഭാഷാ ബില്‍ കൂടി ആയതോടെ മൂർധന്യത്തിലെത്തി. ഇത്തരം എതിര്‍പ്പുകള്‍ക്കിടെയാണ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്.



