റിയാദ്: സഊദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട എണ്ണക്കപ്പൽ നിലവിലെ സങ്കീർണ്ണ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. ഗ്രീക്ക് പതാക വഹിച്ച സഊദി ക്രൂഡ് ഓയിൽ വഹിക്കുന്ന ഷെൻലോങ് സൂയസ്‌മാക്‌സ് കപ്പലാണ് ഹോർമുസ് പാത മുറിച്ച് കടന്നത്. ഇറാൻ ഭീഷണികൾക്കിടെ കപ്പലുകൾ ഹോർമുസ് വഴി യാത്ര ചെയ്യാൻ ഭയക്കുന്നതിടനെയാണ് ആശ്വാസ വാർത്ത പുറത്ത് വരുന്നത്

കിഴക്കൻ സഊദിയിലെ റാസ്‌ന്നൂറ തുറമുഖത്ത് നിന്നും പത്ത് ലക്ഷം ബാരൽ ക്രൂഡ് എണ്ണയുമായാണ് ഷെൻലോങ് സൂയസ്മാക്സ് മുംബൈയിലേക്ക് തിരിച്ചത്. ആഗോള ക്രൂഡ് കയറ്റുമതിയുടെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴിയിലൂടെ നിലവിലെ സങ്കീർണ്ണ സാഹചര്യത്തിൽ അയവ് വരുന്നതും കാത്ത് നൂറുകണക്കിന് കപ്പലുകൾ ജലപാതയുടെ ഇരുവശത്തും നങ്കൂരമിട്ടിരിക്കുകയാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ കപ്പൽ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാൻ വെടിയുതിർക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡുകളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച്‌ച റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ കപ്പലുകൾ യാത്ര ചെയ്യാൻ മടിക്കുകയും തത്ഫലമായി എണ്ണവില കുത്തനെ കുതിച്ചുയരുകയും ചെയ്തതാണ് വിപണി കണ്ടത്
.





