അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നു;തൊഴില്‍ മേഖല പ്രതിസന്ധിയില്‍

മലപ്പുറം : പെരുന്നാളും തിരഞ്ഞെടുപ്പും അടുത്തതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നു.വോട്ടർ പട്ടിക പുതുക്കിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെങ്കില്‍ ആയുഷ്ക്കാലം വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രചാരണവും റേഷൻ കാർഡില്‍നിന്ന് പേര് വെട്ടുമെന്ന ഭീഷണിയുമാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്.

 

അസാം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തില്‍ കൂടുതലായുള്ളത്. കൂലിപ്പണി മുതല്‍ ചെറുകിട കമ്പനികള്‍,പ്ലൈവുഡ് മേഖല,കെട്ടിട നിർമ്മാണം,ഹോട്ടല്‍,റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. കർഷകരും ആശങ്കയിലാണ്. വോട്ട് ചെയ്യാനെത്തണമെന്ന കർശന നിർദ്ദേശമാണ് നാട്ടില്‍നിന്ന് ഇവരെ തേടിയെത്തുന്നത്. വലിയ വാഗ്ദാനങ്ങളുമുണ്ട്. പോകുന്നവർക്ക് ട്രെയിനുകളില്‍ ബള്‍ക്ക് ടിക്കറ്റ് ബുക്കിംഗും വിവിധ രാഷ്ട്രീയ പാർട്ടികള്‍ നടത്തിയിട്ടുണ്ട്. എല്ലാ വർഷവും ബക്രീദിന് നാട്ടില്‍ പോകുന്നത് മിക്ക തൊഴിലാളികളുടെയും രീതിയാണ്. ഇക്കുറി തിരഞ്ഞെടുപ്പ് കഴിയാതെ തിരിച്ചുവരില്ലെന്നാണ് ഇവർ തൊഴിലുടമകളെ അറിയിച്ചിരിക്കുന്നത്.

 

ഉത്തരേന്ത്യൻ തൊഴിലാളികള്‍ നാടുകളിലേക്ക് പോകുന്നതോടെ സമസ്ത മേഖലയും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. പണിക്കൂലി വർദ്ധിപ്പിച്ചതും മലയാളികള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. 800 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് 1000രൂപയാണ് ഇപ്പോള്‍ ദിവസക്കൂലി. തൊഴിലാളികളുടെ മടക്കം കൂടുതല്‍ ബാധിക്കുന്നത് നിർമ്മാണ മേഖലയെയാണ്.

 

തൊഴിലാളിക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെല്‍കൃഷിയില്‍നിന്ന് കർഷകരെ അകറ്റിത്തുടങ്ങിയപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികളെത്തിയത്. വർഷങ്ങളായി നെല്‍കർഷകർ നിലമൊരുക്കാനും ഞാറുനടീലിനുമൊക്കെ ആശ്രയിക്കുന്നത് പശ്ചിമബംഗാള്‍ സ്വദേശികളെയാണ്. ഒരേക്കർ വയലില്‍ ഞാറ് പറിച്ചുനടുന്നതിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 5000-60000 രൂപ മാത്രമേ കൂലിയുള്ളൂ. ചെറിയ സംഘങ്ങളായെത്തും. മൂന്നോ നാലോ മണിക്കൂർകൊണ്ട് പണി തീർക്കും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കില്‍ 18 മുതല്‍ 22പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ജോലി തീർക്കുക. ഒരാള്‍ക്ക് 400-450 രൂപ കൂലിയും മറ്റ് ചെലവുകളും നല്‍കണം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *