പശ്ചിമേഷ്യൻ സംഘർഷം 15 ദിവസം പിന്നിടുമ്പോൾ, ഇറാന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമാക്കി യു.എസ് ആക്രമണം ശക്തമാക്കി. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ കനത്ത ബോംബാക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ദ്വീപിലെ മുഴുവൻ സൈനിക കേന്ദ്രങ്ങളും തകർത്തുവെന്നും അടുത്ത ഘട്ടത്തിൽ എണ്ണ റിഫൈനറികൾ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം ഖാർഗ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. ഗൾഫിൽ യു.എസ് നിയന്ത്രണത്തിലുള്ള എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് ഗൾഫ് മേഖലയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇസ്രായേൽ, അറബ് രാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ പ്രത്യാക്രമണവും തുടരുന്നുണ്ട്. അതിനിടെ, ഇറാഖിൽ യു.എസ് എംബസിയും ആക്രമിക്കപ്പെട്ടു. കഴിഞ്ഞദിവസം ഇവിടെ യു.എസ് വിമാനം തകർന്ന് ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാനെ പിന്തുണക്കുന്ന ഇറാഖിലെ സായുധ സംഘമാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് കരുതുന്നത്. ഇതേ സംഘംതന്നെയാണ് ബഗ്ദാദിൽ എംബസിക്കുനേരെ ആക്രമണം നടത്തിയതെന്നും സംശയമുണ്ട്.






