ബത്തേരി: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ, ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയ നെൽകൃഷിയിൽ വലിയ പ്രതീക്ഷയുമായി കർഷകർ രംഗത്ത്. മഴ ലഭിച്ചതോടെ ബത്തേരി താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ ഞാറുനടീൽ ഉൾപ്പെടെയുള്ള ജോലികൾ തകൃതിയായി നടക്കുകയാണ്.
കാലവർഷത്തിന്റെ തുടക്കത്തിൽ മഴ കുറവായതിനാൽ വിത്തുപാകി ഞാറ് തയ്യാറായെങ്കിലും നടാൻ.സാധിക്കാത്ത സാഹചര്യം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കടുത്ത മഴക്കുറവ് മൂലം പലരും ഇത്തവണ കൃഷി ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. നടീൽ വൈകിയതോടെ കൃഷിപ്പണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ പലരും മടങ്ങിയതും കർഷകർക്ക് വലിയ തിരിച്ചടിയായി.
എന്നാൽ ഇപ്പോൾ പെയ്യുന്ന കനത്ത മഴ പാടങ്ങളിൽ ആവശ്യത്തിന് വെള്ളം ഉറപ്പാക്കിയിരിക്കുകയാണ്. തൊഴിലാളി ക്ഷാമം ഒരു വശത്ത് നിലനിൽക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെയും പ്രാദേശിക തൊഴിലാളികളുടെയും സഹായത്തോടെ എത്രയും വേഗം കൃഷി പൂർത്തിയാക്കാനാണ് കർഷകർ ശ്രമിക്കുന്നത്. ബത്തേരിയിലെ വലിയ പാടശേഖരങ്ങളായ കണ്ണങ്കോട്, നമ്പിക്കൊല്ലി എന്നിവിടങ്ങളിൽ ട്രാക്ടറുകൾ ഉപയോഗിച്ചുള്ള നിലമൊരുക്കലും നടീലും ഇപ്പോൾ സജീവമായി പുരോഗമിക്കുന്നു.
കാലാവസ്ഥ ഇതേപോലെ അനുകൂലമായി തുടർന്നാൽ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കർഷകർ. എന്നാൽ മഴ പെട്ടെന്ന് കുറഞ്ഞാൽ വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. വരും ദിവസങ്ങളിലും കൃഷിക്കാവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വയനാടൻ കർഷകർ.
