മാനന്തവാടി: കാപ്പ കേസ് പ്രതിയും കൊലപാതകം, പോക്സോ, ലഹരി കടത്ത്, കവർച്ച ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി മയക്കുമരുന്നുമായി പിടിയിൽ. പൊഴുതന പെരുങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി (41) യെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മാനന്തവാടി പോലീസും ചേർന്ന് മാനന്തവാടി കൊയിലേരിയിൽ നിന്നും പിടികൂടിയത്. പിന്നീട് വള്ളിയൂർക്കാവിന് സമീപം ഇയ്യാൾ താമസിച്ച ക്വാർട്ടേഴ്‌സിലെത്തിച്ച് പരിശോധിച്ചതിൽ 54 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെത്തി. ചെറിയ കുപ്പികളിലാക്കി കളിപ്പാവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്. തുടർന്ന് പോലീസ് മുറിക്കുള്ളിലും, പ്രതി സഞ്ചരിച്ചിരുന്ന കാറിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കിട്ടിയില്ല.
നിരവധി കേസുകളിൽ പ്രതിയായ ജംഷീറിനെതിരെ എസ്‌പിയുടെ റിപ്പോട്ടിന്മേൽ മുമ്പ് ജില്ലാ കളക്‌ടർ കാപ്പ ചുമത്തിയിരുന്നു. ഇയാൾക്കെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കേണിച്ചിറ, കല്പറ്റ , പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, കവർച്ച, അടിപിടി തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളുണ്ട്. തമിഴ്‌നാട് ഷോളർമറ്റം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്‌റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കെട്ടിതൂക്കി കവർച്ച നടത്തിയെന്ന കേസിലും ഇയാൾ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൂടാതെ, ഇയാൾ മുൻപും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. ഇയാളുടെ പെൺസുഹൃതത്ത് നാല് മാസം മുൻപ് വള്ളിയൂർക്കാവിലെ ക്വാർട്ടേഴ്‌സിൽ മുറിയെടുത്തത്. പിന്നീട് ഇരുവരും ഒരുമിച്ചായിരുന്നു ഇവിടെ താമസിച്ചു വന്നിരുന്നത്.



