കന്നഡ നടി രന്യ റാവുവിന്റെ വൻ സ്വണ്ണക്കടത്ത് വിവരങ്ങൾ പുറത്ത്

ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ നടുക്കി നടി രന്യ റാവുവിന്റെ വൻ സ്വണ്ണക്കടത്ത് വിവരങ്ങൾ പുറത്ത്. വെറും ഒരു വർഷം കൊണ്ട് 100 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ഈ കടത്ത് സാമ്രാജ്യം ഇ ഡി (എൻഫോഴ്സസ്മെന്റ് ഡയറക്‌ടറേറ്റ്) തകർത്തതോടെ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന കഥകളാണ്. ആഫ്രിക്കൻ മണ്ണിൽ രണ്ട് കോടി രൂപയുടെ തട്ടിപ്പിനിരയായ നടി, ആ നഷ്‌ടം നികത്താൻ തുടങ്ങിയ ‘ബിസിനസ്’ ഒടുവിൽ ജയിലഴികൾക്ക് പിന്നിലെത്തിച്ചിരിക്കുകയാണ്.

 

ആഫ്രിക്കൻ ഖനികളിൽ നിന്ന് നേരിട്ട് സ്വർണ്ണം എത്തിച്ച് കോടികൾ കൊയ്യാനായിരുന്നു രന്യയുടെയും കൂട്ടാളി തരുൺ കൊണ്ടൂരിന്റെയും ആദ്യ നീക്കം. ഇതിനായി ദുബായ് കേന്ദ്രമാക്കി ‘വീര ഡയമണ്ട്സ്’ എന്ന കമ്പനി ഇവർ ആരംഭിച്ചു. ഉഗാണ്ടയിലെ ഏജന്റ്റ് വഴി അഞ്ച് കിലോ സ്വർണ്ണത്തിന് അഡ്വാൻസ് നൽകിയെങ്കിലും ഏജന്റ് നടിയെ പറ്റിച്ച് മുങ്ങി. ടാക്സ് ഇനത്തിലും മറ്റുമായി രണ്ട് കോടി രൂപ നഷ്‌ടപ്പെട്ടതോടെയാണ് രന്യ സ്വർണ്ണക്കടത്തിൻ്റെ പുതിയ വഴി തേടിയത്.

 

രന്യ റാവുവിനെ കൂടാതെ സഹായി തരുൺ കൊണ്ടൂരു, സ്വർണ്ണ വ്യാപാരിയായ സഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരെയും ഇ ഡി കുറ്റപത്രം സമർപ്പിച്ചു. നടിയുടെ 34 കോടി രൂപയുടെ ആസ്തികൾ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. വൻകിട ജ്വല്ലറികൾക്കും ഇടനിലക്കാർക്കുമാണ് കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കൈമാറിയിരുന്നതെന്നാണ് ഇ ഡി നൽകുന്ന സൂചന. ബെംഗളൂരുവിലെ സിനിമാ വൃത്തങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ വെളിപ്പെടുത്തലുകൾ.

 

പ്രതികൾക്ക് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ദുബായിൽ സ്വർണ്ണം വാങ്ങാൻ ഉപയോഗിച്ച കോടിക്കണക്കിന് രൂപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കടത്തു സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമകളിലേക്കും അന്വേഷണം നീളുകയാണ്. സ്വർണ്ണക്കടത്തിൽ കൂടുതൽ സിനിമാ താരങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും ഇ ഡി വ്യക്തത വരുത്തും.

 

ഏകദേശം 127 കിലോ സ്വർണ്ണമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ രന്യ കടത്തിയത്. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ വളർത്തുപുത്രി എന്ന സ്വാധീനം വിമാനത്താവളങ്ങളിൽ പരിശോധന ഒഴിവാക്കാൻ ഇവർക്ക് തുണയായി. വി.ഐ.പി പ്രോട്ടോക്കോൾ ഉപയോഗിച്ച് കസ്റ്റംസ് പരിശോധനകൾ സുഗമമായി മറികടന്ന നടിക്ക് പക്ഷെ ഇത്തവണ പിഴച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 14.2 കിലോ സ്വർണ്ണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് നടി കുടുങ്ങുകയായിരുന്നു.

 

ദുബായിലെ ദേര ഗോൾഡ് സൂക്കിൽ നിന്ന് വൻതുകയ്ക്ക് നേരിട്ട് സ്വർണ്ണം വാങ്ങുകയായിരുന്നു ഇവരുടെ അടുത്ത പ്ലാൻ. ഈ സ്വർണ്ണം സ്വിറ്റ്സർലൻഡിലേക്കോ തായ്‌ലൻഡിലേക്കോ കയറ്റി അയക്കുകയാണെന്ന വ്യാജ രേഖകൾ ചമയ്ക്കും. എന്നാൽ രേഖകളിൽ കാണിക്കുന്ന രാജ്യങ്ങളിലേക്ക് അയക്കുന്നതിന് പകരം വിമാനത്താവളത്തിൽ വെച്ച് രന്യ സ്വർണ്ണം സ്വന്തം ശരീരത്തിൽ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു പതിവ്. ഒരു വർഷത്തിനിടെ 15 തവണ ഇത്തരത്തിൽ ഇവർ യാത്ര നടത്തി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *