അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു മരണം

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. അബുദാബിയിലെ സ്വയ്ഹാനിലുണ്ടായ ആക്രമണത്തിൽ മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ അവശിഷ്‌ടങ്ങൾ പതിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒരു ഇന്ത്യക്കാരനും യുഎഇ, ജോർദാൻ സ്വദേശികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ജനവാസ മേഖലയിലെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 

ഇറാൻ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങൾ നിരുപാധികം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും ചേർന്ന് സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളും ജോർദ്ദാനുമാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഇറാന്റെ സ്ലീപ്പർ സെല്ലുകൾ ഗൾഫ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് സംയുക്ത പ്രസ്‌താവന ചൂണ്ടിക്കാട്ടുന്നു. ഒമാൻ ഒഴികെയുള്ള പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇറാന്റെ നടപടിക്കെതിരെ രംഗത്തുവന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമർഹിക്കുന്നു. മേഖലയിലെ സമാധാനത്തിന് ഇറാൻ വലിയ ഭീഷണിയാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയർന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *