ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തില്‍. 2025-26 സാമ്പത്തിക വർഷത്തില്‍ 38424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തില്‍ 23622 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. ഇസ്രായേലും അമേരിക്കയും അടക്കം 80 ഓളം രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെയാണ് 14802 കോടി രൂപയുടെ അധിക വരുമാനം നേടാനായത്.
പശ്ചിമേഷ്യയില്‍ ഇറാനുമായി അമേരിക്ക-ഇസ്രായേല്‍ സഖ്യം യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28 നായിരുന്നു. ഒരു മാസത്തിലേറെയായി ഏറ്റുമുട്ടല്‍ തുടരുകയാണ്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് 151 ശതമാനം വളർച്ച നേടിയത്. 2025 സാമ്പത്തിക വർഷത്തെ 8389 കോടി രൂപയില്‍ നിന്ന് 21071 കോടി രൂപയായി കയറ്റുമതി വളർന്നു. സ്വകാര്യ കമ്പനികളും വളർച്ച നേടി. 15233 കോടിയായിരുന്ന മുൻവർഷത്തെ കയറ്റുമതി ഇക്കുറി 17353 കോടി രൂപയായി ഉയർന്നു. കയറ്റുമതിയില്‍ മുന്നിലായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ കമ്പനികള്‍ മുന്നിലെത്തിയതും സവിശേഷതയാണ്. നിലവില്‍ വിപണി വിഹിതത്തിൻ്റെ 54.84 ശതമാനം പൊതുമേഖലാ കമ്പനികള്‍ക്കാണ്.
അതേസമയം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128 ല്‍ നിന്ന് 145 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ചയാണ് രജിസ്റ്റർ ചെയ്ത കയറ്റുമതിക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ച വൻ സ്വീകാര്യതയായാണ് ഈ കണക്കുകളെ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയില്‍ 80 രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന രാജ്യമായി മാറിയെന്ന നേട്ടവും കേന്ദ്ര പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടി.



