ഹൈദരാബാദ്: മാധാപൂരിൽ ശനിയാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. മലപ്പുറം സ്വദേശിനി ഹാനിയ ആയിഷ (22) ആണ് മരിച്ചത്. അപകടത്തിൽ ഹാനിയയുടെ ഭർത്താവ് അബ്ദുൽ ബാസിത്തിന് (26) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..
ഹൈദരാബാദിലെ മലബാർ ഗോൾഡ് ഷോറൂമിലെ ജീവനക്കാരാണ് മരിച്ച ആയിഷയും ഭർത്താവ് ബാസിത്തും. ശനിയാഴ്ച രാത്രി വൈകി കൂക്കട്ട്പള്ളിയിൽ സിനിമ കണ്ട് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ദമ്പതികൾ. മാധാപൂരിലെ മൈൻഡ് സ്പേസിന് സമീപം വെച്ച് കർണാടക രജിസ്ട്രേഷനിലുള്ള ഡി.സി.എം വാൻ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു..
ഇടിയുടെ ആഘാതത്തിൽ ബാസിത് റോഡിലേക്ക് തെറിച്ചുവീണു. എന്നാൽ വാനിന്റെ അടിയിൽ കുടുങ്ങിയ ആയിഷയെയും സ്കൂട്ടറിനെയും ഡ്രൈവർ നിർത്താതെ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ട് പോയി. വഴിയിലുണ്ടായിരുന്ന യാത്രക്കാർ വാൻ പിന്തുടർന്ന് തടഞ്ഞെങ്കിലും ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന ക്ലീനറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു..
നാട്ടുകാർ ഉടൻ തന്നെ ആയിഷയെയും ബാസിത്തിനെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ആയിഷയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ മാധാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണെന്നും അപകടവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി




