ചരിത്രം കുറിച്ച് ആർട്ടെമിസ്-2 സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തി

ഹൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച്‌ച പുലർച്ചെ പസഫിക് സമുദ്രത്തിൽ വിജയകരമായി ലാൻഡ് ചെയ്യുകയായിരുന്നു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര പൂർത്തിയാക്കിയത്. ‘ഇന്റഗ്രിറ്റി’ എന്ന് പേരിട്ടിരുന്ന ഒറിയോൺ ക്യാപ്‌സ്യൂൾ ഓട്ടോമാറ്റിക് പൈലറ്റിന്റെ സഹായത്തോടെയാണ് കടലിൽ ലാൻഡ് ചെയ്തത്.

മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിലാണ് ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ ഘട്ടത്തിൽ പേടകത്തിന് ചുറ്റും 2,800 ഡിഗ്രി സെൽഷ്യസ് വരെ കഠിനമായ ചൂട് അനുഭവപ്പെട്ടു. ഒരു തീഗോളമായി മാറിയ ക്രൂ കാപ്ളിനെ അതിലെ ശക്തമായ താപകവചമാണ് യാത്രികർക്ക് സുരക്ഷയൊരുക്കി കാത്തുസൂക്ഷിച്ചത്. അന്തരീക്ഷ പ്രവേശനത്തിന് ശേഷം പേടകത്തിൻ്റെ വേഗത കുറയ്ക്കുന്നതിനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരഷൂട്ടുകൾ വിടർത്തുകയും ചെയ്‌തു.

 

ആകാശത്ത് വിടർന്ന ഭീമൻ പാരഷൂട്ടുകളുടെ സഹായത്തോടെ വേഗത നിയന്ത്രിച്ചാണ് പേടകം കടലിലേക്ക് പതിച്ചത്. അന്തരീക്ഷത്തിൽ പ്രവേശിച്ചത് മുതൽ സമുദ്രപതനം വരെയുള്ള 15 മിനിറ്റ് നീണ്ട പ്രക്രിയയെയാണ് ശാസ്ത്രലോകം ‘സ്‌പ്ലാഷ് ഡൗൺ’ എന്ന് വിശേഷിപ്പിക്കുന്നത്. പേടകം കടലിൽ ഇറങ്ങിയ ഉടൻ തന്നെ യുഎസ് നാവിക സേനയുടെയും നാസയുടെയും റസ്ക്യൂ‌ ടീമുകൾ ഓറിയണിനടുത്തേക്ക് കുതിച്ചെത്തി

ശബ്ദത്തിന്റെ 33 ഇരട്ടി വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം വലിയ വെല്ലുവിളികളെയാണ് അതിജീവിച്ചത്. അന്തരീക്ഷ പ്രവേശനത്തിനിടയിലെ കഠിനമായ ചൂടിൽ ക്യാപ്സൾ പ്ലാസ്‌മയാൽ പൊതിയപ്പെട്ടപ്പോൾ മിഷൻ കൺട്രോളിൽ ആറ് മിനിറ്റ് നേരത്തേക്ക് ആശയവിനിമയം തടസ്സപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 2022-ൽ നടന്ന പരീക്ഷണ പറക്കലിൽ താപകവചത്തിന് ചെറിയ വിള്ളലുകൾ സംഭവിച്ചിരുന്നതിനാൽ ഇത്തവണ വലിയ മുൻകരുതലുകൾ എടുത്തിരുന്നുവെന്നും സാൻ ഡീഗോ തീരത്ത് യുഎസ്എസ് ജോൺ പി. മുർത്ത എന്ന കപ്പൽ ഇവരെ സ്വീകരിക്കാൻ കാത്തുനിന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഈ ദൗത്യം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, അപ്പോളോ 13 ദൗത്യത്തിൻ്റെ ദൂരപരിധി മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം (252,756 മൈൽ) സഞ്ചരിച്ച മനുഷ്യർ എന്ന ലോകറെക്കോർഡ് ഇവർ സ്വന്തമാക്കി. ചന്ദ്രന്റെ ഇതുവരെ മനുഷ്യർ നേരിട്ട് കാണാത്ത വിദൂര വശങ്ങൾ കാണാനും ബഹിരാകാശത്ത് നിന്നുള്ള പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാനും ഈ സംഘത്തിന് കഴിഞ്ഞു. യാത്രയ്ക്കിടയിൽ ചന്ദ്രനിലെ രണ്ട് ഗർത്തങ്ങൾക്ക് തങ്ങളുടെ പേടകത്തിന്റെയും വൈസ്മാന്റെ അന്തരിച്ച ഭാര്യ കരോളിൻ്റെയും പേര് നൽകാൻ ഇവർ അനുമതി തേടിയത് ഹൃദയസ്പർശിയായ നിമിഷമായി.

അപ്പോളോ 8 ദൗത്യം നൽകിയ വിഖ്യാതമായ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന വിധം ‘എർത്ത് സെറ്റ്’ ചിത്രങ്ങൾ ഇവർ പകർത്തി. യാത്രയ്ക്കിടയിൽ പേടകത്തിലെ ശൗചാലയത്തിനും കുടിവെള്ള സംവിധാനത്തിനും ചില സാങ്കേതിക തകരാറുകൾ നേരിട്ടുവെങ്കിലും അവയൊന്നും ദൗത്യത്തിന്റെ വിജയത്തെ ബാധിച്ചില്ല.

 

ഏപ്രിൽ 1-ന് ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഈ ദൗത്യം ചന്ദ്രനിൽ സ്ഥിരമായ താവളം ഒരുക്കുന്നതിന്റെ ആദ്യ പ്രധാന ഘട്ടമാണ്. വരാനിരിക്കുന്ന അർട്ടിമിസ് III ദൗത്യം ഭ്രമണപഥത്തിൽ വെച്ചുള്ള ഡോക്കിംഗ് പരീക്ഷണങ്ങൾ നടത്തുമെന്നും 2028-ഓടെ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *